
കാളികാവ്: 400 പേർക്ക് ഒരാൾ. ഓരോ പൊലീസ് സ്റ്റേഷനിലും പൊലീസുകാരെ നിയമിക്കേണ്ട അനുപാതം ഇതാണ്. 2000 പേർക്ക് ഒരാൾ എന്ന നിലയിലാണ് കാളികാവ് സ്റ്റേഷനിൽ പൊലീസുകാരുള്ളത്. ജോലിഭാരം കൊണ്ടുവലയുകയാണ് സ്റ്റേഷനിലെ പൊലീസുകാർ.
നിലവിൽ 39 പേരാണ് കാളികാവ് സ്റ്റേഷനിലുള്ളത്. 1984ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും ഇവിടെ നിലനിൽക്കുന്നത്. ഇത് ദൈനം ദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. വിവിധ ആവശ്യങ്ങൾക്കായും അന്വേഷണ സ്‌ക്വാഡുകൾക്കായും അംഗങ്ങളെ നിയമിക്കുന്നതോടെ ദൈനം ദിന നടപടികൾക്കും ക്രമസമാധാന പാലനത്തിനും അംഗങ്ങൾ തികയാതെ വരികയാണ്. ഇത് ഡ്യൂട്ടിയിലുള്ളവർക്ക് അമിതമായ സമ്മർദ്ദം സൃഷ്ടിക്കുന്നു.
ഇതിനൊക്കെ പുറമെ ക്വാർട്ടേഴ്സുകളിലെ ചോർച്ചയും മറ്റും സുഖകരമായ വിശ്രമത്തിന് തടസ്സമാണ്.മാവോവാദി ഭീഷണി നേരിടുന്ന സ്റ്റേഷനുകളിലൊന്നാണ് കാളികാവിലേത്. ഇതിന്റെ ഭാഗമായി ഒട്ടേറെ മുൻ കരുതലുകൾ സ്റ്റേഷനിൽ ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ തണ്ടർ ബോൾട്ട് സേനാംഗത്തിന്റെ സായുധ കാവൽ ഏർപ്പെടുത്തിയിരുന്നു. ഇപ്പോഴതും പിൻവലിച്ചിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന ജീപ്പുകൾ പിൻവലിച്ച് പുതിയ കമ്പനിയായ താറിന്റെ ജീപ്പാണ് അനുവദിച്ചത്. ഇന്ധനക്ഷമത തീരെയില്ലാത്തതിന്റെ തലവേദന പൊലീസിനുതന്നെ.