
നിലമ്പൂർ: വയനാട്ടിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ലെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നിലമ്പൂർ ചന്തക്കുന്നിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം 2,000 കോടി രൂപയുടെ പുനരധിവാസ പാക്കേജിനായി അപേക്ഷിച്ചിട്ടും ഒരു സഹായവും അനുവദിച്ചില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര സഹായത്തിന്റെ ഭൂരിഭാഗവും ലഭിക്കുന്നത്. ബുദ്ധിമുട്ടുണ്ടാകുന്ന സമയത്ത് ഇങ്ങനെയാണോ ഒരു സർക്കാർ ജനങ്ങളോട് പെരുമാറേണ്ടത്. കോൺഗ്രസ് ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചിട്ടില്ല. എല്ലാവർക്കും തുല്യമായ അവകാശങ്ങൾ നൽകുകയെന്നത് കോൺഗ്രസിന്റെ പ്രതിബദ്ധതയാണ്. മോദി പൊള്ളയായ കാര്യങ്ങൾ മാത്രം പറയുന്നയാളാണ്. വയനാട്ടിലെ ജനങ്ങളുമായി കോൺഗ്രസിന് അഭേദ്യമായ ബന്ധമാണുള്ളത്. രാഹുൽ ഗാന്ധി വയനാടിന് വേണ്ടി എം.പി ഫണ്ട് പൂർണമായും ഉപയോഗിച്ചു. ഉരുൾപൊട്ടൽ ദുരന്തമടക്കം ഉണ്ടായപ്പോൾ രാഹുലും പ്രിയങ്കയും മണ്ഡലത്തിലെ ജനങ്ങളോട് തോളോട് തോൾ ചേർന്നാണ് നിന്നതെന്നും ഖാർഗെ പറഞ്ഞു.
 പണം കടത്തൽ ആരോപണം: നുണ പരിശോധന വേണമെന്ന് എം.വി. ഗോവിന്ദൻ
പാലക്കാട്ട് ട്രോളി ബാഗിൽ പണം കടത്തിയെന്ന ആരോപണത്തിൽ നുണ പരിശോധന വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും കൂട്ടരും പറഞ്ഞതെല്ലാം കളവാണെന്ന് ബോദ്ധ്യപ്പെട്ടു. താൻ കോഴിക്കോട്ടുണ്ടെന്ന് പുലർച്ചെ രണ്ട് മണിക്ക് രാഹുൽ സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചത് പാലക്കാട്ടില്ലെന്ന് വരുത്താനാണ്.
സംഭവത്തിൽ സമഗ്ര അന്വേഷണം വേണം. ബി.ജെ.പിയും കോൺഗ്രസും കേരളത്തിലടക്കം കള്ളപ്പണം ഒഴുക്കുന്നുണ്ട്. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാതെ പ്രകോപനം സൃഷ്ടിച്ചത് ചിലത് മറയ്ക്കാനാണ്. കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് ഡീൽ. അത് മറച്ചുവയ്ക്കാൻ മാദ്ധ്യമങ്ങളടക്കം പാടുപെടുകയാണ്. സി.പി.എമ്മിന് രാജ്യത്തെ ഒന്നാം നമ്പർ ശത്രു ബി.ജെ.പിയാണ്. തങ്ങൾക്ക് ഫണ്ടെത്തിക്കുന്നയാൾ നാല് കോടി രൂപ ഷാഫി പറമ്പിലിനും കൊടുത്തിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. അതേപ്പറ്റി പ്രതിപക്ഷ നേതാവ് മിണ്ടുകയോ കേസ് കൊടുക്കുകയോ ചെയ്യാത്തതെന്താണെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.
 കൊടകര തുടരന്വേഷണം ഉണ്ടയില്ലാ വെടി: കെ.സുധാകരൻ
കൊടകര കുഴൽപ്പണക്കേസിലെ തുടരന്വേഷണം ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉണ്ടയില്ലാ വെടി മാത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. നേരത്തെ പിണറായിയുടെ പൊലീസ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ വെള്ളപൂശിയെടുത്ത സംഭവത്തിൽ വീണ്ടും അന്വേഷണം നടത്തുന്നത് പ്രഹസനമാണ്. പരസ്പരം സഹായിക്കാമെന്ന ഡീലിന്റെ അടിസ്ഥാനത്തിലാണ് കുഴൽപ്പണക്കേസ് മരവിപ്പിച്ചത്. അതിന്റെ പ്രയോജനം മുഖ്യമന്ത്രിക്കും കിട്ടി. അദ്ദേഹത്തിനും കുടുംബത്തിനും എതിരായ കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചു.
 ജനഹിതത്തെ പണഹിതമാക്കുന്നു: ബിനോയ് വിശ്വം
തിരഞ്ഞെടുപ്പ് ജനഹിതം അറിയേണ്ട വേദിയാണെന്നിരിക്കെ കോൺഗ്രസും ബി.ജെ.പിയും ജനഹിതത്തെ പണഹിതം ആക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചീത്തപ്പണം ചാക്കിലും ആംബുലൻസിലും ട്രോളി ബാഗിലും വരുന്നുണ്ട്. എന്തായാലും വല്ലാത്തൊരു പ്രതിസന്ധിയാണിതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയിന്മേലുള്ള ആക്രമണത്തിന് വേണ്ടി പണാധിപത്യത്തിന്റെ ഈ നീക്കത്തിൽ ബി.ജെ.പിയും കോൺഗ്രസും കൂട്ടായി അവർക്ക് പിന്തുണയേകുന്നു.
 യു.ഡി.എഫിനെ സി.പി.എം സംരക്ഷിക്കുന്നുവെന്ന് കെ. സുരേന്ദ്രൻ
കള്ളപ്പണ ഇടപാടിൽ പൊലീസും സി.പി.എമ്മും യു.ഡി.എഫിനെ സംരക്ഷിക്കുയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. കള്ളപ്പണം മാറ്റാൻ പൊലീസ് യു.ഡി.എഫുകാർക്ക് സഹായം ചെയ്തു.
ചൊവ്വാഴ്ച രാത്രി ഹോട്ടലിൽ ആസൂത്രിത നാടകങ്ങളാണ് നടന്നത്. റെയ്ഡ് വിവരം പൊലീസിൽ നിന്ന് തന്നെ കോൺഗ്രസുകാർക്ക് ചോർന്നു കിട്ടി. കള്ളപ്പണ കേസ് എൽ.ഡി.എഫ് - യു.ഡി.എഫ് ഡീലിന്റെ ഭാഗമാണ്. പാലക്കാട് എൽ.ഡി.എഫ് യു.ഡി.എഫ് അന്തർധാര വളരെ സജീവമാണ്. പൊലീസ് എന്തുകൊണ്ട് എഫ്.ഐ.ആർ ഇടുന്നില്ലെന്ന് മന്ത്രി എം.ബി. രാജേഷ് പറയണം. കള്ളപ്പണ ഇടപാട് നടന്നെന്ന് എം.ബി. രാജേഷ് ഉൾപ്പെടെ മന്ത്രിമാർ പ്രതികരിച്ചത് ജനങ്ങൾ മറന്നിട്ടില്ല.
വ്യാജ ഐ.ഡി കാർഡ് ഡീൽ നടത്തിയ ടീം തന്നെയാണ് കള്ളപ്പണ ഇടപാടിനും പിന്നിൽ. സി.പി.എം ഒറ്റ രാത്രി കൊണ്ട് മലക്കം മറഞ്ഞു. സരിനെ ബലിയാടാക്കാനാണ് സി.പി.എം തീരുമാനം. കള്ളപ്പണം പിടിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. ജില്ലാ കളക്ടറിൽ വിശ്വാസമില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
 നിലപാട് ആവർത്തിച്ച് സന്ദീപ് വാര്യർ
പാലക്കാട്ട് ബി.ജെ.പിയുടെ പ്രചാരണത്തിനില്ലെന്ന നിലപാട് ആവർത്തിച്ച് സന്ദീപ് വാര്യർ. പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ ക്രിയാത്മക നിർദ്ദേശം നേതൃത്വത്തിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പോസിറ്റീവായ ഒരു നടപടിയും കാണുന്നില്ല. ഒരാൾ പുറത്തുപോകുന്നത് അതീവ ദുഃഖകരമാണ്. ആളുകളെ ചേർത്തുനിറുത്താനാണ് നേതൃത്വം ശ്രമിക്കേണ്ടത്.
ആത്മാഭിമാനത്തിന് മുറിവ് പറ്റി നിൽക്കുന്ന ഒരാളോട് അച്ചടക്കത്തിന്റെ പേരുപറഞ്ഞ് ഭയപ്പെടുത്തരുത്. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ അപമാനിച്ചവർക്കെതിരെയാണ് പാർട്ടി നടപടിയെടുക്കേണ്ടത്.
കൃഷ്ണകുമാർ തോറ്റാൽ തന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കം നടക്കുന്നുവെന്ന് സംശയിക്കുന്നു. ജയിക്കാനാണെങ്കിൽ ശോഭാ സുരേന്ദ്രനോ കെ.സുരേന്ദ്രനോ മത്സരിക്കണമെന്ന് ആദ്യമേ പറഞ്ഞിരുന്നു. പ്രശ്നം പരിഹരിക്കപ്പെടരുത് എന്ന ഗൂഢോദ്ദേശ്യമുണ്ടോ എന്ന് സംശയിക്കുന്നു. സ്ഥിരമായി തോൽക്കുന്ന സ്ഥാനാർത്ഥി വന്നാൽ പാർട്ടിക്ക് ഗുണകരമാവില്ലെന്ന് പൊതുസമൂഹം വിലയിരുത്തിയിരുന്നു.