
ശിശുദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കുട്ടികൾ ഇക്കാലത്ത് സമൂഹത്തിൽ എത്രത്തോളം സുരക്ഷിതരാണെന്ന് ചിന്തിക്കേണ്ട വിഷയമാണ്. ഭാവി പൗരന്മാരായ കുട്ടികൾക്കുണ്ടാകുന്ന ദോഷങ്ങൾ രാജ്യത്തെ ബാധിക്കുമെന്നും ഇന്നത്തെ ഇളംതലമുറയാണ് നാളത്തെ ഇന്ത്യയെ രൂപപ്പെടുത്തുക എന്നുമാണ് ജവഹർലാൽ നെഹ്റു പറഞ്ഞത്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുകയാണെന്ന് കണക്കുകൾ പരിശോധിച്ചാൽ മനസിലാകും. ദേശീയ ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ 15,000ത്തോളം കുട്ടികളാണ് ഓരോ വർഷവും പലതരത്തിലുള്ള ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നത്. കുട്ടികൾ സുരക്ഷിതരെന്ന് നാം ചിന്തിക്കുന്ന വീടുകളിലും വിദ്യാലയങ്ങളിലും വരെ കുട്ടികൾ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്നു എന്നതാണ് സത്യം. കേരളത്തിൽ ഈ വർഷം സെപ്തംബർ വരെ 3,834 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2020ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ട പോക്‌സോ കേസുകളുടെ എണ്ണം 3,941 ആയിരുന്നു. 2021ൽ ഇത് 4,536ലെത്തി. 2022, 2023 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 5,640, 5,903 എന്നിങ്ങനെയായിരുന്നു.
കൂടുതൽ
കേസുകൾ മലപ്പുറത്ത്
സംസ്ഥാനത്ത് ഈ വർഷം ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്, 382 കേസുകൾ. തിരുവനന്തപുരം സിറ്റി 132, തിരുവനന്തപുരം റൂറൽ 298, കൊല്ലം സിറ്റി 138, കൊല്ലം റൂറൽ 175, പത്തനംതിട്ട 126, ആലപ്പുഴ 224, കോട്ടയം 169, ഇടുക്കി 166, എറണാകുളം സിറ്റി 118, എറണാകുളം റൂറൽ 201, തൃശൂർ സിറ്റി 140, തൃശൂർ റൂറൽ 142, പാലക്കാട് 211, മലപ്പുറം 382, കോഴിക്കോട് സിറ്റി 137, കോഴിക്കോട് റൂറൽ 198, വയനാട് 142, കണ്ണൂർ സിറ്റി 83, കണ്ണൂർ 71 കാസർഗോഡ് 115, റെയിൽവേ പൊലീസ് 10 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം.
ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2012 ജൂൺ 18ന് പാർലമെന്റ് പ്രൊട്ടക്ഷൻ ഒഫ് ചിൽഡ്രൻസ് ഫ്രം സെക്ഷ്വൽ ഒഫൻസസ് അഥവാ പോക്‌സോ നിയമം പാസാക്കിയത്. ഇന്ത്യൻ പീനൽ കോഡ് ഭേദഗതി ചെയ്താണ് കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിനുള്ള നിയമനിർമ്മാണം നടത്തിയത്. ആൺ-പെൺ ലിംഗ വ്യത്യാസമില്ലാതെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാവുന്ന കുട്ടികൾക്ക് നിയമ സംരക്ഷണവും നീതിയും ഉറപ്പാക്കുന്ന രീതിയിലാണ് ഇന്ത്യൻ പാർലമെന്റ് ഈ നിയമം നിർമ്മിച്ചിട്ടുള്ളത്. കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ശക്തമായ വ്യവസ്ഥകളും ശിശു സൗഹാർദപരമായ നടപടിക്രമങ്ങളുമാണ് പോക്‌സോ ആക്ടിലുള്ളത്.
ലക്ഷ്യത്തിലെത്താതെ കേസുകൾ
പോക്‌സോ പോലൊരു സുശക്തമായ നിയമമുണ്ടായിട്ടും രാജ്യത്തും സംസ്ഥാനത്തും പോക്‌സോ കേസുകളിൽ വർദ്ധനവുണ്ടാകുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. പോക്‌സോ കേസുകൾക്കെതിരെ ശക്തമായ നിയമസംവിധാനമുണ്ടെങ്കിലും ഫലപ്രദമായി ഈ വിഷയത്തെ നേരിടാനും നീതി നടപ്പിലാക്കാനും നല്ലൊരു ശതമാനം കേസുകളിലും സാധിക്കുന്നില്ലെന്നതാണ് വാസ്തവം. അതിനുകാരണം പലപ്പോഴും പ്രതികളായി വരുന്നത് സ്വന്തം വീട്ടുകാർ, ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽക്കാർ, പരിചയക്കാർ മുതലായവരാണ്. പോക്‌സോ കേസുകളിൽ വിക്ടിമൈസ് ചെയ്യപ്പെടുന്ന കുട്ടികളെ അവരുടെ പ്രായമനുസരിച്ച് മൂന്നായി തിരിക്കാം. അതിൽ ആദ്യത്തെ, എട്ട് വയസിന് താഴെയുള്ള കുട്ടികളെ ആകർഷകമായി സമ്മാനങ്ങളോ മധുപലഹാരങ്ങളോ നൽകി പ്രലോഭിപ്പിക്കുന്നവരാണ്. ഒമ്പത് വയസിനും 13നും ഇടയിലുള്ള കുട്ടികളെ കുടുംബത്തിൽ തന്നെയുള്ള ബന്ധുക്കളോ പരിചയക്കാരോ സുഹൃത്തുക്കളോ ആണ് കൂടുതൽ ഉപദ്രവിക്കുന്നതായി കണ്ടിട്ടുള്ളത്. കുട്ടികളുമായുള്ള പരിചയവും അടുപ്പവും ദുരുപയോഗം ചെയ്ത് കുട്ടിക്ക് സംശയം തോന്നാത്ത തരത്തിൽ ലൈംഗിക ചൂഷണം ചെയ്യാനാണ് ഇവർ ശ്രമിക്കുന്നത്. മൂന്നമതായി 14-18 പ്രായത്തിനിടയിലുള്ളവർ കൂടുതലും പ്രണയത്തിലുൾപ്പെടെ കുടുങ്ങി ലൈംഗികാതിക്രമത്തിന് വിധേയാകേണ്ടി വരുന്നവരാണ്.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം, ലൈംഗിക പീഡനം, കുട്ടികളുടെ അശ്ലീല ചിത്രങ്ങളെടുക്കൽ, കുട്ടികളെ അശ്ലീല ചിത്രങ്ങൾ കാണിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന തരത്തിലാണ് ഈ നിയമം വിഭാവനം ചെയ്തിട്ടുള്ളത്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുടെ വിചാരണക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കുക, പബ്ലിക്ക് പ്രോസിക്യൂട്ടർമാരെ നിയമിക്കുക, കേസന്വേഷണവും വിചാരണയും ബാല സൗഹാർദ്ദപരമാക്കുക, കുട്ടികളുടെ പുനരധിവാസം, ശാരീരിക-മാനസിക-ആരോഗ്യ-സാമൂഹിക വികാസത്തിനായി കുട്ടികളുടെ ഉത്തമ താത്പ്പര്യം മുൻനിറുത്തി നടപടികൾ സ്വീകരിക്കുക എന്നിവ പോക്‌സോ നിയമത്തിന്റെ ലക്ഷ്യങ്ങളാണ്. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം കുറ്റകൃത്യങ്ങൾക്ക് വിധേയരായവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനും പ്രസ്തുത നിയമം ലക്ഷ്യമിടുന്നുണ്ട്.
ലഹരിയുടെ ഉപയോഗം
സമൂഹത്തിൽ വർദ്ധിക്കുന്ന മയക്കുമരുന്നിന്റെ സ്വാധീനവും പോക്‌സോ കേസുകൾ വർദ്ധിക്കാൻ പ്രധാന കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ലഹരി പദാർത്ഥങ്ങൾ നൽകി ലൈംഗികചൂഷണം നടത്തുന്ന സംഭവങ്ങളും നിരവധിയാണ്. അതോടൊപ്പം തന്നെ സ്കൂൾ കുട്ടികളിലെ ലഹരി ഉപയോഗവും പോക്സോ കേസുകൾ വർദ്ധിക്കുന്നത് കാരണമാകുന്നുണ്ട്. ചൈൽഡ് ലൈനിന്റേയും ചെൽഡ് വെൽഫെയർ കമ്മിറ്റികളുടെയും നേതൃത്വത്തിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും ലഹരി ഉപയോഗവും കണ്ടെത്താൻ സജീവമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
കൃത്യമായ
ബോധവത്ക്കരണം
ലൈംഗികാതിക്രമവും ലൈംഗിക പീഡനവും ചൂഷണവും സംബന്ധിച്ച് കുട്ടികളിൽ കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കേണ്ടത് അനിവാര്യമാണ്. മാത്രമല്ല, സ്വയം സുരക്ഷയ്ക്കായുള്ള പരിശീലനവും പ്രായത്തിനനുസരിച്ചുള്ള ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള ക്ലാസുകളും നൽകേണ്ടതാണ്. ലൈംഗിക ചൂഷണത്തിന് ഇരയാകേണ്ടി വന്നാൽ മാതാപിതാക്കളോടോ അദ്ധ്യാപകരോടോ സ്‌കൂൾ കൗൺസിലർമാരോടോ തുറന്ന് പറയാൻ അവരെ പ്രാപ്തരാക്കണം. നല്ല രീതിയിലും ചീത്ത രീതിയിലുമുള്ള സ്പർശനം കുട്ടികൾക്ക് മനസിലാക്കി കൊടുക്കേണ്ടതും അത്യാവശ്യമാണ്.