
കോട്ടയ്ക്കൽ: ആര്യവൈദ്യശാലയുടെ 61-ാമത് ആയുർവേദ സെമിനാർ നാളെ കോട്ടയ്ക്കൽ ചാരിറ്റബിൾ ഹോസ്പിറ്റലിൽ നടക്കും. രാവിലെ രക്തചംക്രമണത്തിന്റെ അഭാവത്താൽ അസ്ഥികൾക്കുണ്ടാകുന്ന ജീർണ്ണത (അവാസ്‌കുലാർ നെക്രോസിസ്) എന്ന വിഷയത്തിലെ സെമിനാർ കേന്ദ്ര ആയുഷ് സെക്രട്ടറി ഡോ. രാജേഷ് കൊട്ടേച ഉദ്ഘാടനം ചെയ്യും. ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തും. ഡോ. പ്രവീൺ ബാലകൃഷ്ണന്റെ ന്യൂ ട്രെൻഡ്സ് ഇൻ പഞ്ചകർമ്മ ടെക്നിക്സ് എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.
കോഴിക്കോട് മൈത്ര ആശുപത്രിയിലെ ആർത്രോസ്‌കോപ്പി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. സമീറലി പറവത്ത് മുഖ്യപ്രബന്ധം അവതരിപ്പിക്കും. ഡോ. ജിക്കു ഏലിയാസ് ബെന്നിയും കോട്ടയ്ക്കൽ ആര്യവൈദ്യശാല എ.എച്ച് ആൻഡ് ആർ.സിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നിശാന്ത് നാരായണും പ്രഭാഷണങ്ങൾ നടത്തും. ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിലെ റിട്ട. പ്രൊഫസർ ഡോ. ടി. ശ്രീകുമാർ മോഡറേറ്ററാവും. വിവിധ പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.