vvvv

മലപ്പുറം: ആംബുലൻസുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ജില്ലയിലെ ആശുപത്രികൾ 'ഗുരുതരാവസ്ഥയിലെന്ന്' ആരോഗ്യ വകുപ്പ് ഡയറക്ടർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട്. സർക്കാർ മേഖലയിൽ 125 ആരോഗ്യ സ്ഥാപനങ്ങളുള്ള മലപ്പുറത്ത് ആകെ 40 ആംബുലൻസുകളാണ് ഉള്ളത്. പി.എച്ച്.സി, സി.എച്ച്.സി, താലൂക്ക്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ 80 ആംബുലൻസുകൾ വേണ്ട സ്ഥാനത്താണിത്. നഗരസഭ മേഖലയിലെ ആംബുലൻസുകളുടെ കണക്ക് നഗരസഭാ ഡയറക്ടറും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ വിവരങ്ങൾ ഗ്രാമ വകുപ്പ് ഡയറക്ടറുമാണ് ആരോഗ്യ വകുപ്പിന് സമർപ്പിച്ചത്. തുടർനടപടിക്കായി ഈ റിപ്പോർട്ട് സർക്കാരിലേക്ക് കൈമാറിയിട്ടുണ്ട്.

ജില്ലയിൽ പ്രൈമറി ഹെൽത്ത് സെന്ററുകൾക്ക് കീഴിൽ 12ഉം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾക്ക് കീഴിൽ ആറും താലൂക്ക്, ജില്ലാ ആശുപത്രികളിൽ 15 ഉം ആംബുലൻസുകളുണ്ട്. ഗ്രാമപഞ്ചായത്തുകൾക്ക് കീഴിൽ നാലും ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിൽ രണ്ടും നഗരസഭകൾക്ക് കീഴിൽ ഒരു ആംബുലൻസുമാണുള്ളത്. മൂന്ന് ജില്ലാ ആശുപത്രികൾ, ഏഴ് താലൂക്ക് ആശുപത്രികൾ, 21 സി.എച്ച്.സികൾ, 94 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ അടക്കം 125 ആരോഗ്യ സ്ഥാപനങ്ങൾ ജില്ലയിൽ പ്രവർത്തിക്കുമ്പോഴാണ് ഈ സ്ഥിതി. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് എത്തിക്കാൻ 40 ആംബുലൻസുകൾ കൂടി ഉറപ്പാക്കണമെന്ന് സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രികളിൽ നിലവിലുള്ള ആംബുലൻസുകളിൽ പലതും കാലപ്പഴക്കം ചെന്നവയാണ്.

ദുരിതം രോഗികൾക്ക്

ആംബുലൻസുകളുടെ കുറവ് നിർധന രോഗികൾക്കാണ് തിരിച്ചടിയാവുന്നത്. സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ജില്ലയിലെ ആശുപത്രികളിൽ നിന്ന് ഗുരുതരാവസ്ഥയിലുള്ളവരെയും സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സ ആവശ്യമുള്ളവരേയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. മഞ്ചേരി മെഡിക്കൽ കോളേജിൽ എല്ലാ വകുപ്പുകളും പൂർണ്ണ സജ്ജമല്ല. ചികിത്സാ സൗകര്യങ്ങളും കുറവാണ്. പലപ്പോഴും സന്നദ്ധ സംഘടനകളുടെ ആംബുലൻസ് സർവീസാണ് നിർധന രോഗികൾക്ക് ആശ്വാസമേകാറുള്ളത്. രോഗികളുടെ എണ്ണക്കൂടുതലും ആംബുലൻസുകളും കുറവും മൂലം മിക്കപ്പോഴും ഉയർന്ന തുക നൽകി സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കാൻ നിർബന്ധിതരാവുന്നുണ്ട്.