പരപ്പനങ്ങാടി: വലിയ നിശാശലഭങ്ങളിലെ ആൺവർഗ ചിത്രശലഭമായ അറ്റ്ലസ് മോത്തിനെ പരപ്പനങ്ങാടി നെടുവയിൽ കണ്ടെത്തി. പിഷാരിക്കൽ മൂകാംബിക ക്ഷേത്രത്തിന് പിൻവശത്തുള്ള ആപ്റ്റയിൽ മോഹനന്റെ വീട്ടിലുള്ള ചെടിയിൽ നിന്നാണ് ഭീമൻ നിശാശലഭത്തെ കണ്ടത്. ചിറകുകൾ വിടർത്തിയാൽ 20 സെന്റീമീറ്ററോളം വലിപ്പമുണ്ട്. മുൻചിറകിന്റെ അഗ്രഭാഗത്ത് പാമ്പിന്റെ കണ്ണുകൾ പോലെയുള്ള കറുത്ത പൊട്ടുകളും കാണാം. ശത്രുക്കളിൽ നിന്ന് രക്ഷ നേടാൻ ഇത് ഉപകരിക്കുന്നു ചിറകിന്റെ മുൻവശത്തായി വെളുത്ത നിറത്തിലുള്ള ത്രികോണ അടയാളങ്ങൾ ഉണ്ട്. ചിറകുകൾക്ക് പിന്നിൽ പാമ്പിന്റെ തലയുടെ രൂപമുള്ളതിനാൽ സ്‌നേക് ഹെഡ് എന്നും ഇതിന് വിളിപ്പേരുണ്ട്. കേരളത്തിൽ പൊതുവേ സർപ്പ ശലഭം (നാഗശലഭം)എന്നാണ് അറിയപ്പെടുന്നത്. 'അറ്റാക്കസ് ടാപ്രോബാനിസ്' എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമമെന്നു ജന്തു ശാസ്ത്ര വിഭാഗം ഉദ്യോഗസ്ഥനായ സുബൈർ മേടമ്മൽ പറഞ്ഞു. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലുമായി നിബിഢ വനങ്ങളിൽ കാണപ്പെടുന്ന നിശാ ശലഭം കേരളത്തിലെ കാടുകളിലും കാണാം.