
മലപ്പുറം: പത്ത് മിനിറ്റിൽ നൂറ് ബ്രാൻഡുകളുടെ ലോഗോ തിരിച്ചറിഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് സ്വന്തമാക്കി മൂന്നര വയസുകാരൻ റോവൻ റൊണാക്ക് വിശാൽ. മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയും കോഴിക്കോട് സ്വകാര്യ ബാങ്ക് ജീവനക്കാരനുമായ പുത്തൻ പറമ്പിൽ വിശാൽ ബേസിൽ - സൈക്കോളജിസ്റ്റ് സ്നേഹ ദേവസ്യ എന്നിവരുടെ മകനാണ് ഈ മിടുമിടുക്കൻ. രണ്ടര മാസം മാത്രം പ്രായമുള്ളപ്പോൾ അമ്മയെന്ന വിളിയിലാണ് റോവനിലെ പ്രത്യേക കഴിവ് മാതാപിതാക്കൾ തിരിച്ചറിഞ്ഞത്. രണ്ട് വയസിന് മുമ്പ് തന്നെ വിവിധതരം പക്ഷികൾ, മൃഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവരുടെ പേര് പെട്ടെന്ന് പഠിക്കാനും മറക്കാതെ പറയാനും റോവന് സാധിച്ചു. കാര്യങ്ങൾ ഓർത്തുവയ്ക്കാനും എത്ര കഴിഞ്ഞാലും കൃത്യതയോടെ പറയാനുമുള്ള റോവന്റെ ശേഷിയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലേക്ക് എൻട്രി നൽകാൻ മാതാപിതാക്കളെ പ്രേരിപ്പിച്ചത്. ഒക്ടോബറിൽ ലോഗോ തിരിച്ചറിഞ്ഞ് 100 കമ്പനികളുടെ പേര് പറയുന്ന വീഡിയോ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് അധികൃതർക്ക് അയച്ചുനൽകി. ഇതിൽ ചില കമ്പനികളുടെ ലോഗോയിൽ കമ്പനിയുടെ പേര് ഉൾപ്പെട്ടതോടെ ഇവ ഒഴിവാക്കി മറ്റൊരു വീഡിയോ അയക്കാൻ നിർദ്ദേശിച്ചു. ഇതിന് വേണ്ടി കുറഞ്ഞ സമയം കൊണ്ട് പുതുതായി 50 കമ്പനികളുടെ പേരും ലോഗോയും കൂടി റോവൻ പഠിച്ചെടുത്തു. ഒക്ടോബർ ഒൻപതിന് ആയിരുന്നു മത്സരം. നിലവിൽ 150ൽപരം കമ്പനികളുടെ ലോഗോയും പേരും റോവന് മനഃപാഠമാണ്. കോഴിക്കോട് ചാത്തമംഗലം സേക്രട്ട്ഹാട്സ് നാഷണൽ സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർത്ഥിയാണ് റോവൻ.