gf

മലപ്പുറം: മഞ്ചേരി ഗവ.മെഡിക്കൽ കോളേജിന്റെ ഏറെ നാളത്തെ ആവശ്യമായ128 സ്ലൈസ് അത്യാധുനിക സി.ടി സ്‌കാനിംഗ് മെഷീൻ യാഥാർത്ഥ്യമാകാൻ രണ്ട് ദിവസം മാത്രം ശേഷിക്കേ ഇവ പ്രവർത്തിപ്പിക്കാനാവശ്യമായ വൈദ്യുതി കണ‌ക്‌ഷൻ ലഭ്യമാക്കുന്നതിൽ തീരുമാനമായില്ല. പുതിയ ട്രാൻസ്‌ഫോർമർ നിർമ്മിക്കാൻ നേരത്തെ മഞ്ചേരി മെഡിക്കൽ കോളേജിന് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, ഇതിന് സർക്കാരിൽ നിന്ന് ഭരണാനുമതി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. സ്‌കാനിംഗ് മെഷീൻ പ്രവർത്തിപ്പിക്കാനാവശ്യമായ കേബിൾ വലിക്കൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയായിട്ടുണ്ട്. സ്‌കാനിംഗ് മെഷീൻ സ്ഥാപിച്ചാലും വൈദ്യുതി ലഭ്യമാവുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനാൽ രോഗികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കാൻ കാലതാമസം നേരിടേണ്ടി വരും.
കേരള ഹെൽത്ത് റിസേർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ (കെ.എച്ച്.ആർ.ഡബ്ള്യു.എസ്) നേതൃത്വത്തിൽ 14നാണ് അത്യാധുനിക സ്‌കാനിംഗ് യന്ത്രം ആശുപത്രിയിൽ സ്ഥാപിക്കുന്നത്. യന്ത്രം എത്തിക്കുക യു.എസ്.എയിൽ നിന്ന് വി പ്രൊ ജി കമ്പനിയാണ്.

തർക്കത്തിനൊടുവിൽ...

സ്‌കാനിംഗ് മെഷീൻ പ്രവർത്തിപ്പിക്കാൻ കെ.എച്ച്.ആർ.ഡബ്ള്യു.എസ് പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കണമെന്ന ആവശ്യമാണ് മെഡിക്കൽ കോളേജ് അധികൃതരും ആശുപത്രിയിലെ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗവും നേരത്തെ ഉന്നയിച്ചത്. എന്നാൽ ഇതിന് സാങ്കേതിക തടസ്സമുണ്ടെന്ന് കെ.എച്ച്.ആർ.ഡബ്ള്യു.എസ് അറിയിക്കുകയായിരുന്നു. സി.ടി.സ്‌കാൻ യന്ത്രത്തിന് വൈദ്യുതി നൽകിയാൽ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലാവുമെന്നും ഭാവിയിൽ ആശുപത്രിയിൽ വൈദ്യുതിക്ഷാമം നേരിടേണ്ടി വരുമെന്നുമായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞിരുന്നത്. തുടർന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് മെഡിക്കൽ കോളേജിൽ നിന്ന് തന്നെ വൈദ്യുതി നൽകണമെന്ന നിർദ്ദേശം വന്നത്. ഭാവിയിൽ പ്രശ്നം നേരിടുമെന്ന കാരണത്താൽ ഇപ്പോൾ പ്രവർത്തിപ്പിക്കാനുള്ള സ്‌കാനിംഗ് യന്ത്രത്തിന് വൈദ്യുതി നൽകാതിരിക്കാൻ കഴിയില്ലെന്നായിരുന്നു യോഗത്തിലെ വിലയിരുത്തൽ.