news

മലപ്പുറം: മണ്ഡലകാലം ആരംഭിക്കാൻ അഞ്ച് ദിവസം മാത്രം ശേഷിക്കേ സവാള വില കുതിച്ചുയരുന്നു. ജില്ലയിൽ ചില്ലറ വിപണിയിൽ 85 രൂപയാണ് സവാളയുടെ വില. ചെറിയ ഉള്ളിയുടെ വില 80ലെത്തി. കർണാടക, മഹാരാഷ്ട്രയിലെ നാസിക്, പൂനെ എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് സവാള കൂടുതലായി ഇറക്കുമതി ചെയ്യുന്നത്. ഈ പ്രദേശങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് വ്യാപക കൃഷിനാശം സംഭവിച്ചിരുന്നു. പാടങ്ങൾ വെള്ളത്തിൽ മുങ്ങിയതിനാൽ പലയിടത്തും വിളവെടുപ്പ് പ്രതിസന്ധിയിലാണ്. നാസിക്കിൽ നിന്ന് തമിഴ്നാട്ടിലേക്കാണ് സവാള എത്തുന്നത്. ഇവിടെ നിന്ന് കോയമ്പത്തൂരിലെ എം.ജി.ആർ മാർക്കറ്റ് വഴി കേരളത്തിലെത്തിക്കുകയാണ് ചെയ്യുന്നത്. ഉത്പാദനം കുറഞ്ഞതിനാൽ നാസികിൽ നിന്ന് അധികമായി സവാള കയറ്റി അയക്കുന്നുമില്ല.

ഇവിടങ്ങളിൽ ദീപാവലിയോട് അനുബന്ധിച്ച് 10 ദിവസം മാർക്കറ്റ് അവധിയായതും പ്രതിസന്ധിയ്ക്ക് കാരണമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25 ശതമാനം വരെ മാത്രമാണ് ഈ സീസണിൽ മഹാരാഷ്ട്രയിൽ ഉത്‌പാദനം. സവാള ക്വിന്റലിന് 5,400 രൂപ എന്ന റെക്കാഡ് നിരക്കിലാണ് മഹാരാഷ്ട്രയിലെ വിപണികളിൽ വ്യാപാരികൾ ലേലം ചെയ്യുന്നത്. സവാള വിലയിലെ വർദ്ധനവ് ഹോട്ടൽ-റെസ്‌റ്റോറന്റ് ജീവനക്കാരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

കുതിച്ച് വെളുത്തുള്ളി

ഒരു കിലോ വെളുത്തുള്ളി ലഭിക്കാൻ 340 രൂപ കൊടുക്കണം. 10 ദിവസം മുമ്പ് ചില്ലറ വിപണിയിൽ വില 220 ആയിരുന്നു. വെളുത്തുള്ളിയുടെ മൊത്തവ്യാപാര നിലവിൽ വില 240 ആണ്.

വിവിധ പച്ചക്കറികളുടെ വില ചില്ലറ വിലയും മൊത്തവ്യാപാര വിലയും ഇപ്രകാരം;

പച്ചക്കറി---ചില്ലറ വില--മൊത്തവില


സവാള 85
ചെറിയ ഉള്ളി 80
തക്കാളി 30
ഉരുളക്കിഴങ്ങ് 45
ക്യാരറ്റ് 55
ബീൻസ് 50
വെളുത്തുള്ളി 340
ഇഞ്ചി 120
പാവയ്ക്ക 40
ബീറ്റ്റൂട്ട് 45
ക്യാബേജ് 25
വെള്ളരി 30
പച്ചമുളക് 60

വഴുതന 35

ചേന 45