മലപ്പുറം: മണ്ഡലകാലത്തിന് ഇന്ന് തുടക്കമാവുമ്പോൾ ഇടത്താവളമായ മിനി പമ്പയിലെത്തുന്ന ഭക്തർക്ക് ഇത്തവണ സൗകര്യങ്ങളില്ല. ഭക്തർക്ക് വിരിവയ്ക്കാനും വാഹനം പാർക്ക് ചെയ്യാനും ഭക്ഷണം പാകം ചെയ്യാനുമടക്കം നേരത്തെ ഉപയോഗിച്ചിരുന്ന സ്ഥലങ്ങളിലൂടെ കോഴിക്കോട്-എറണാകുളം ആറ് വരിപ്പാത കടന്ന് പോവുന്നതിനാൽ സൗകര്യങ്ങൾ ഒരുക്കാൻ എവിടെയും സ്ഥലം ലഭ്യമല്ലാത്ത സ്ഥിതിയാണ്. വൃശ്ചിക മാസാരംഭത്തിന് മുന്നേ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മിനി പമ്പയും പരിസരവും വൃത്തിയാക്കാനും സ്ഥലത്ത് 8,000 ലിറ്ററിന്റെ ടാങ്ക് സ്ഥാപിക്കാനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായിട്ടുണ്ട് .

തെരുവ് വിളക്കുകൾ സ്ഥാപിക്കാനായി നിലവിൽ ലഭ്യമായ സ്ഥലം തൃശൂർ റോഡിനോട് ചേർന്ന് മാത്രമാണ്. ചെറുവാഹനങ്ങൾ മാത്രമേ ഇവിടെ നിറുത്തിയിടാൻ സാധിക്കൂ എന്നതിനാൽ ഭക്തർ ഈ ഭാഗത്തേക്ക് വരുമോ എന്നതിൽ യാതൊരു ഉറപ്പുമില്ല. ഭക്തർ ഇവിടേക്കെത്തുന്ന പക്ഷം പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ തെരുവുവിളക്കുകൾ സ്ഥാപിക്കും. ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ഒരു ലൈഫ് ഗാർഡിനെയും പ്രദേശത്ത് നിയോഗിക്കും. ടൂറിസം വിഭാഗത്തിന്റെ കീഴിൽ ഒരു ലൈഫ് ഗാർഡ് നേരത്തെ മിനി പമ്പയിലുണ്ട്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ റോഡരികിൽ 15 മീറ്റർ നീളത്തിൽ താത്ക്കാലിക പാർക്കിംഗ് സൗകര്യവും മിനി പമ്പയ്ക്കടുത്ത് തന്നെ ഭക്തർക്ക് വിരിവയ്ക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള ഷെഡും പഞ്ചായത്ത് കഴിഞ്ഞ വർഷം നിർമ്മിച്ച് നൽകിയിരുന്നു. വാഹനത്തിൽ നിന്നിറങ്ങി തങ്ങളുടെ പാത്രങ്ങളും മറ്റ് സാധനങ്ങളും ഇറക്കിവയ്ക്കാൻ അനുയോജ്യമായ രീതിയിലായിരുന്നു ഈ സ്ഥലം തിരഞ്ഞെടുത്തിരുന്നത്. എന്നാൽ, ഇതുവഴിയും ഹൈവേ കടന്നു പോകുന്നതിനാൽ പുതിയ സ്ഥലം കണ്ടെത്താൻ സാധിച്ചിട്ടില്ല.

ഇത്തവണ യോഗം ചേരില്ല

സാധാരണ വൃശ്ചിക മാസാരംഭത്തിന് ഒരാഴ്ച മുമ്പ് റവന്യൂ വകുപ്പിന്റെ നിർദ്ദേശ പ്രകാരം തവനൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മിനി പമ്പയിൽ ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് യോഗം നടത്താറുണ്ട്.

മിനിപമ്പ അധികൃതർ, പഞ്ചായത്ത് പ്രതിനിധികൾ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എക്സൈസ് വിഭാഗം, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് എന്നിവർ ഈ യോഗത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു.

എന്നാൽ ഇത്തവണ സൗകര്യങ്ങൾ ഒരുക്കാൻ സ്ഥലപരിമിതിയുള്ളതിനാൽ യോഗം നടത്തുന്നില്ല.


ഭക്തർക്ക് വിശ്രമിക്കാനും വാഹനങ്ങൾ പാർക്ക് ചെയ്യാനുമായി മുൻവർഷങ്ങളിൽ ഉപയോഗിച്ച സ്ഥലങ്ങളിലൂടെ പുതിയ ഹൈവേയുടെ നിർമ്മാണം നടക്കുന്നതിനാൽ ഇത്തവണ സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്നില്ല.


നസീറ, തവനൂർ പഞ്ചായത്ത് പ്രസിഡന്റ്‌