
മലപ്പുറം: വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് വിധിയെഴുതാൻ ജില്ലയിലെ 6,45,755 വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക്. ഇവരിൽ 3,20,214 പേർ പുരുഷന്മാരും 3,25,535 പേർ വനിതകളും ആറുപേർ ട്രാൻസ്‌ജെൻഡർ വിഭാഗക്കാരുമാണ്. ഏറനാട് - 1,84,986, നിലമ്പൂർ - 2,26,541 , വണ്ടൂർ 2,34,228 എന്നിങ്ങനെയാണ് നിയോജക മണ്ഡലാടിസ്ഥാനത്തിലെ വോട്ടർമാർ. രാവിലെ ഏഴ് മുതൽ വോട്ടെടുപ്പ് ആരംഭിക്കും. 25 ഓക്‌സിലറി ബുത്തുകൾ ഉൾപ്പെടെ ആകെ 595 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിൽ സജ്ജീകരിച്ചിട്ടുള്ളത്. എല്ലാ ബൂത്തുകളിലും റാമ്പ്, ടോയ്ലറ്റ്, കുടിവെള്ള സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. വനിതാ ഓഫീസർമാരുടെ മാത്രം മേൽനോട്ടത്തിൽ ഒമ്പത് പോളിംഗ് സ്‌റ്റേഷനുകൾ പ്രവർത്തിക്കും. ഒമ്പത് മാതൃകാ പോളിംഗ് ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടപടികൾ വെബ് കാസ്റ്റിംഗ് നടത്തും. 16 മേഖലകളിലായി 26 പ്രശ്ന സാദ്ധ്യതാ ബൂത്തുകളുണ്ട്. ഇവിടങ്ങളിൽ അധിക സുരക്ഷയൊരുക്കും. ഏറനാട് അഞ്ചും നിലമ്പൂരിൽ 17ഉം വണ്ടൂരിൽ നാലും പ്രശ്ന സാദ്ധ്യതാ ബൂത്തുകളാണുള്ളത്. മൂന്ന് മണ്ഡലങ്ങളിലുമായി റിസർവ് ഉൾപ്പെടെ 1,424 ബാലറ്റ് യൂണിറ്റുകളും (ഏറനാട് 416, നിലമ്പൂർ 500, വണ്ടൂർ 508) 712 കൺട്രോൾ യൂണിറ്റുകളും (ഏറനാട് 208, നിലമ്പൂർ 250, വണ്ടൂർ 254), 772 വി.വി പാറ്റുകളും (ഏറനാട് 226, നിലമ്പൂർ 271, വണ്ടൂർ 275) വോട്ടുപ്പിന് ഉപയോഗിക്കും.
2,975 ഉദ്യോഗസ്ഥർ
റിസർവിലുള്ളവർ ഉൾപ്പെടെ 2,975 ഉദ്യോഗസ്ഥരെയാണ് പോളിംഗ് ചുമതലകൾക്ക് നിയോഗിച്ചിട്ടുള്ളത്. ഓരോ പോളിംഗ് സ്‌റ്റേഷനിലും നാല് വീതം ഉദ്യോഗസ്ഥരാണ് ഉണ്ടാവുക. 1,300ലധികം വോട്ടർമാരുള്ള ബൂത്തുകളിൽ ഒരു പോളിംഗ് ഓഫീസറെ അധികമായി നിയോഗിക്കും. ഇതിന് പുറമെ 67 സെക്ടർ ഓഫീസർമാർ, 26 മൈക്രോ ഒബ്സർവർമാർ, 570 ബി.എൽ.ഒമാർ, 182 റൂട്ട് ഓഫീസർമാർ, 54 സ്‌ക്വാഡ് ലീഡർമാർ എന്നിവരും ചുമതലകളിലുണ്ടാകും.
സുരക്ഷയ്ക്ക് കേന്ദ്ര സേനയും
തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതലകൾക്കായി 2,500 പൊലീസുകാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ട് കമ്പനി കേന്ദ്രസേനയും മൂന്ന് കമ്പനി സായുധ ബറ്റാലിയൻ സേനാംഗങ്ങളും ഉണ്ടാകും. ഒമ്പത് ഫ്ളയിംഗ് സ്‌ക്വാഡ് ടീമുകൾ, മൂന്ന് ആന്റിഡിഫേസ്‌മെന്റ് സ്‌ക്വാഡുകൾ, 27 സ്റ്റാറ്റിക് സർവെയ്ലൻസ് ടീം, ആറ് വിഡിയോ സർവെയ്ലൻസ് ടീം, മൂന്ന് വീഡിയോ നിരീക്ഷണ സംഘങ്ങൾ, മൂന്ന് അക്കൗണ്ടിംഗ് ടീം, മൂന്ന് അസി. എക്സ്പൻഡിച്ചർ ഒബ്സർവർമാർ എന്നിവർ ഇലക്ഷൻ പ്രഖ്യാപനം മുതൽ പ്രവർത്തിക്കുന്നുണ്ട്. പോളിംഗ് സമഗ്രികളുടെ വിതരണം ഇന്ന് രാവിലെ മുതൽ മഞ്ചേരി ചുള്ളക്കാട് ജി.യു.പി. സ്‌കൂൾ, നിലമ്പൂർ അമൽ കോളെജ് എന്നിവിടങ്ങളിൽ നടക്കും. വോട്ടെണ്ണൽ കേന്ദ്രമായ നിലമ്പൂർ അമൽ കോളജിലാണ് സ്‌ട്രോംഗ് റൂമുകളും സജ്ജീകരിച്ചിട്ടുള്ളത്. 23നാണ് വോട്ടെണ്ണൽ.
മണ്ഡലം.............. പുരുഷന്മാർ .............. വനിത
ഏറനാട് ............ 93,880 ......................... 91,106
നിലമ്പൂർ ........... 1,10,826 ....................... 1,15,709
വണ്ടൂർ .............. 1,15,508 ....................... 1,18,720
ആകെ പുരുഷ വോട്ടർമാർ: 3,20,214 
(ഏറനാട് 9,38,80, നിലമ്പൂർ 1,10,826, വണ്ടൂർ 1,15,508)
സ്ത്രീ വോട്ടർമാർ: 3,25,535 (ഏറനാട് 9,11,06, നിലമ്പൂർ 1,15,709, വണ്ടൂർ 1,18,720)
ട്രാൻസ്‌ജെൻഡർ: 6
ആകെ പ്രവാസി വോട്ടർമാർ: 1,208
ഭിന്നശേഷി വോട്ടർമാർ: 6,277
85 വയസ്സിന് മുകളിലുള്ളവർ: 4,506
സർവീസ് വോട്ടർമാർ: 753
പോളിംഗ് ബൂത്തുകൾ
ഏറനാട് - 174
വണ്ടൂർ - 212
നിലമ്പൂർ - 209
ആകെ- 595
മോഡൽ പോളിംഗ് സ്‌റ്റേഷനുകൾ
ഏറനാട്
അൻവാറുൽ ഇസ്ലാം അറബിക് കോളജ്, കുനിയിൽ സൗത്ത്
ഗവ. അപ്പർ പ്രൈമറി സ്‌കൂൾ വെറ്റിലപ്പാറ
മർകസുൽ ഉലൂം ഇംഗ്ലീഷ് സീനിയർ സെക്കൻഡറി സ്‌കൂൾ, എക്കാപറമ്പ്
നിലമ്പൂർ
ഗവ. ഹൈസ്‌കൂൾ എടക്കര.
മാർത്തോമ്മ ഹയർസെക്കൻഡറി സ്‌കൂൾ, ചുങ്കത്തറ.
ഗവ. മോഡൽ അപ്പർ പ്രൈമറി സ്‌കൂൾ നിലമ്പൂർ.
ഗവ. ഹൈസ്‌കൂൾ, തിരുവാലി.
റബീഉൽ ഇസ്ലാം മദ്രസ, പല്ലിശ്ശേരി.
ഗവ. അപ്പർ പ്രൈമറി സ്‌കൂൾ, കാളികാവ് ബസാർ.
പോളിംഗ് ഉദ്യോഗസ്ഥരെ സഹായിക്കാനും റിപ്പോർട്ടുകൾ സമാഹരിക്കാനും ഓരോ മണിക്കൂറിലും വോട്ടിംഗിന്റെ പുരോഗതി അറിയിക്കാനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇ.വി.എം, വി.വി പാറ്റ് എന്നിവയിലെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. വോട്ടെടുപ്പിന് പൂർണ്ണ സജ്ജമാണ്
ആർ. വിനോദ്, ജില്ല കളക്ടർ
തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതലകൾക്കായി 2,500 പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ട് കമ്പനി കേന്ദ്ര സേനയും മൂന്ന് കമ്പനി സായുധ ബറ്റാലിയൻ സേനാംഗങ്ങളും ഉണ്ടാകും. എല്ലാ സുരക്ഷാക്രമീകരണങ്ങളും മുൻകരുതലുകളും കൈകൊണ്ടിട്ടുണ്ട്.
ആർ. വിശ്വനാഥ്, ജില്ലാ പൊലീസ് മേധാവി