
മലപ്പുറം: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയോജക മണ്ഡലങ്ങൾ കൂടി ഉൾപ്പെടുന്നതാണ് വയനാട് പാർലമെന്റ് മണ്ഡലം. ഈ മൂന്ന് മണ്ഡലങ്ങളിലെ 6,45,755 പേരാണ് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. ഇവരിൽ 3,20,214 പേർ പുരുഷന്മാരും 3,25,535 പേർ സ്ത്രീകളും 6 പേർ ട്രാൻസ്‌ജെൻഡർ വിഭാഗക്കാരുമാണ്. വോട്ടെടുപ്പിനുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. പുലർച്ചെ 5.30ന് മോക് പോൾ ആരംഭിക്കും. ഏറനാട് നിയോജക മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള സാമഗ്രികൾ മഞ്ചേരി ചുള്ളക്കാട് ജി.യു.പി സ്‌കൂളിലും നിലമ്പൂർ, ഏറനാട് മണ്ഡലങ്ങളിലേത് നിലമ്പൂർ അമൽ കോളേജിലുമാണ് പോളിംഗ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്തത്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളിലാണ് വോട്ടിംഗ് യന്ത്രങ്ങൾ തിരികെയെത്തിക്കുക. തുടർന്ന് രാത്രിയോടെ തന്നെ നിലമ്പൂർ അമൽ കോളേജിലെ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റും.
25 ഓക്സിലറി ബുത്തുകൾ ഉൾപ്പെടെ ആകെ 595 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. 16 മേഖലകളിലായി 26 പ്രശ്ന സാദ്ധ്യതാ ബൂത്തുകളുണ്ട്. ഇവിടങ്ങളിൽ അധിക സുരക്ഷയൊരുക്കി. ഏറനാട് അഞ്ചും നിലമ്പൂരിൽ 17ഉം വണ്ടൂരിൽ നാലും പ്രശ്ന സാദ്ധ്യതാ ബൂത്തുകളാണുള്ളത്. മൂന്ന് മണ്ഡലങ്ങളിലുമായി റിസർവ് ഉൾപ്പെടെ 1424 ബാലറ്റ് യൂണിറ്റുകളും 712 കൺട്രോൾ യൂണിറ്റുകളും 772 വി.വി പാറ്റുകളും വോട്ടുപ്പിന് ഉപയോഗിക്കും. റിസർവിലുള്ളവർ ഉൾപ്പെടെ 2975 ഉദ്യോഗസ്ഥരെയാണ് പോളിംഗ് ചുമതലകൾക്ക് നിയോഗിച്ചിട്ടുള്ളത്
വോട്ട് ചെയ്യാൻ 13 തിരിച്ചറിയൽ രേഖകൾ
ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന ഫോട്ടോ ഐ.ഡി (എപിക്) കാർഡാണ് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കേണ്ടത്. ഇതിന് പുറമേ ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾ കൂടി വോട്ട് ചെയ്യാൻ ഉപയോഗിക്കാം.
ആധാർ കാർഡ്, പാൻ കാർഡ്, ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി), സർവീസ് ഐ.ഡി കാർഡ്, ഫോട്ടോ പതിച്ച ബാങ്ക്/ പോസ്റ്റ് ഓഫീസ് പാസ് ബുക്ക്, തൊഴിൽ മന്ത്രാലയം നൽകുന്ന ഹെൽത്ത് ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, എൻ.പി.ആർ ആർ.ജി.ഐ നൽകുന്ന സ്മാർട്ട് കാർഡ്, പെൻഷൻ രേഖ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാർഡ് എന്നിവയാണ് തിരിച്ചറിയൽ രേഖകളായി ഉപയോഗിക്കാം.