
മലപ്പുറം: വയനാട് ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ജില്ലയിൽ പോൾ ചെയ്തത് 64.98 ശതമാനം വോട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 74.17 ശതമാനമായിരുന്നു പോളിംഗ്. 9.19 ശതമാനം വോട്ട് കുറഞ്ഞു.
ആകെയുള്ള 6,45,755 വോട്ടർമാരിൽ 4,19,620 പേർ വോട്ട് രേഖപ്പെടുത്തി. ഇവരിൽ 1,97,501 പേർ പുരുഷന്മാരും 2,22,118 പേർ വനിതകളുമാണ്. പുരുഷ വോട്ടർമാരിൽ 61.67 ശതമാനവും സ്ത്രീകളിൽ 67.67 ശതമാനം പേരും വോട്ടുകൾ രേഖപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും വോട്ട് കുറഞ്ഞിട്ടുണ്ട്. ഏറനാട് - 69.42, നിലമ്പൂർ - 61.91, വണ്ടൂർ - 64.43 ശതമാനം എന്നിങ്ങനെ ആണ് പോളിംഗ്. വോട്ടുകൾ കുറഞ്ഞതിൽ വിശദമായി പരിശോധിക്കാനാണ് മുന്നണികളുടെ തീരുമാനം. തങ്ങളുടെ വോട്ടുകൾ കൃത്യമായി പോൾ ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോഴും പോളിംഗ് കുറഞ്ഞതിൽ പാർട്ടികൾ ആശങ്കയിലാണ്. തുടക്കം മുതൽ പോളിംഗിൽ പിന്നിലായത് നിലമ്പൂരാണ്. പി.വി.അൻവർ എം.എൽ.എയുടെ പാർട്ടി മാറ്റം ഏറെ അലയൊലികൾ സൃഷ്ടിച്ച മണ്ഡലത്തിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ലഭിക്കുന്ന വോട്ടുകളിലെ വ്യത്യാസം പോലും ചുടേറിയ ചർച്ചകൾക്കും അവകാശവാദങ്ങൾക്കും വഴിവയ്ക്കാം.
രാവിലെ ഏഴിന് പോളിംഗ് ആരംഭിച്ചത് മുതൽ ബൂത്തുകളിൽ കാര്യമായി തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. ആദ്യ മണിക്കൂർ പിന്നിട്ടപ്പോൾ അഞ്ച് ശതമാനത്തിന് താഴെയായിരുന്നു പോളിംഗ്. ഉപതിരഞ്ഞെടുപ്പിന്റെ ആലസ്യം വോട്ടർമാരെ ബാധിച്ചോയെന്ന് സംശയിക്കും വിധത്തിലായിരുന്നു പിന്നീടുള്ള മണിക്കൂറുകൾ.
നാല് മണിക്കൂർ വേണ്ടി വന്നു 20 ശതമാനം വോട്ട് പോൾ ചെയ്യാൻ. ഉച്ച സമയത്ത് പോളിംഗ് ചൂടും അൽപ്പം കൂടി. തിരക്ക് കുറയുമെന്ന കണക്കുകൂട്ടലിൽ കൂടുതൽ പേരെത്തിയത് പോളിംഗ് വർദ്ധിപ്പിച്ചു. വൈകിട്ട് മൂന്നോടെ പോളിംഗ് അമ്പത് ശതമാനം കടന്നു. തുടർന്നിങ്ങോട്ട് പോളിംഗ് ഉയരുന്ന കാഴ്ചയായി. വൈകിട്ട് അഞ്ചിന് ഏറനാട്ടിൽ 66 ശതമാനമായി പോളിംഗ്. ഇതിനൊപ്പം നിലമ്പൂരിലും വണ്ടൂരിലും പോളിംഗ് ഉയർന്നു. വോട്ടെടുപ്പിന്റെ തുടക്കം മുതൽ പോളിംഗിൽ മുന്നിൽ നിന്നത് ഏറനാട് നിയോജക മണ്ഡലമായിരുന്നു.
ആശങ്കയിൽ മുന്നണികൾ
രാഹുൽ ഗാന്ധി മത്സരിച്ച കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ പോളിംഗിൽ കാര്യമായ കുറവുണ്ടായത് കോൺഗ്രസ് ക്യാമ്പിനെ നിരാശപ്പെടുത്തിയിട്ടുണ്ട്
2019ൽ രാഹുൽ ഗാന്ധി ആദ്യമായി വയനാട്ടിൽ നിന്ന് മത്സരിച്ചപ്പോൾ 80.31% വോട്ടുകളും പെട്ടിയിലായിരുന്നു. കഴിഞ്ഞ തവണ 74.17 ശതമാനമായി കുറഞ്ഞു.
ഉപതിരഞ്ഞെടുപ്പിന്റെ ആലസ്യം മുന്നിൽ കണ്ടിരുന്നെങ്കിലും ഇതിനേക്കാൾ ഭേദപ്പെട്ട പ്രകടനമാണ് കോൺഗ്രസ് കണക്കുകൂട്ടിയിരുന്നത്.
പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം വോട്ടർമാരിൽ ആവേശമുണ്ടാക്കുമെന്നും പ്രതീക്ഷിച്ചു.
പുരുഷ വോട്ടർമാരേക്കാൾ അഞ്ച് ശതമാനം അധികം സ്ത്രീവോട്ടുകൾ പോൾ ചെയ്യപ്പെട്ടിട്ടുണ്ട് എന്നതിനാൽ പ്രിയങ്കയ്ക്ക് അനുകൂലമാവുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറനാട് - 77.76%, നിലമ്പൂർ - 71.35 %, വണ്ടൂർ - 73.41% ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സത്യൻ മൊകേരിയും യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധിയും ബി.ജെ.പി സ്ഥാനാർത്ഥിയായി നവ്യ ഹരിദാസുമാണ് വയനാട് മണ്ഡലത്തിൽ മത്സരിച്ചത്.