
കാളികാവ്: വയനാട് മണ്ഡലത്തിൽ വോട്ട് ചെയ്യാൻ കൂട്ടമായെത്തി പ്രവാസികൾ.വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ പൂങ്ങോട് ആലുങ്ങൽ വി.പി. മുഹമ്മദലിയാണ് തന്റെ 65 ജീവനക്കാരുമായി വോട്ടുചെയ്യാൻ നാട്ടിലെത്തിയത്. ഒരാൾക്ക് ചെലവ് 60,000 രൂപ. മൊത്തം 40 ലക്ഷത്തോളം രൂപ ഇതിനായി മുഹമ്മദലി ചെലവാക്കി.
ജിദ്ദയിലെ വിവിധ സ്ഥാപനങ്ങളിലായി ആയിരത്തോളം ജീവനക്കാരുള്ള മുഹമ്മദലിക്ക് വയനാട് മണ്ഡല പരിധിയിൽ മാത്രം ഇരുന്നൂറിലേറെ ജീവനക്കാരുണ്ട്.ഇതിൽ 65ഓളം പേരാണ് വോട്ട് ചെയ്യാനെത്തിയത്. വോട്ടിംഗ് ദിവസമടക്കം ഒരാഴ്ചയാണ് ജീവനക്കാർക്ക് ലീവുണ്ടാവുക. 13ന് രാവിലെയാണ് മുഹമ്മദലി നാട്ടിലെത്തിയത്. ഇന്ന് തന്നെ മടങ്ങും.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മുഹമ്മദലിയും കുടുംബവും തങ്ങളുടെ ജീവനക്കാരുമടക്കം വോട്ടു ചെയ്യാനെത്തിയിരുന്നു. കാളികാവ് പൂങ്ങോട് ജി.എൽ.പി സ്‌കൂളിലാണ് മുഹമ്മദലിയും കുടുംബവും വോട്ടു ചെയ്തത്. പ്രവാസി അസോസിയേഷൻപ്രസിഡന്റ് വി.പി ഷിയാസ്, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഗ്രൂപ്പ് ഫാർമസി തലവൻ വി.പി. അബ്ദുസ്സലാം തുടങ്ങിയവരാണ് പ്രവാസി സംഘത്തിന് നേതൃത്വം നൽകിയത്.
രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും നിലനിന്നു കാണുന്നതിന് ആരെക്കാളും ആകാംക്ഷയുള്ളതും പ്രവർത്തിക്കുന്നതും പ്രവാസികളാണ്. അതു കൊണ്ടാണ് ഇപ്രാവശ്യവും വോട്ടിനായി മാത്രം നാട്ടിലെത്തിയത്.
മുഹമ്മദലി