മലപ്പുറം: 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള ബസ് റൂട്ടുകൾക്കും ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്കും സ്വകാര്യ മേഖലയിൽ പെർമിറ്റുകൾ നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിട്ടും റൂട്ടുകൾ വിട്ടുനൽകാൻ മടിച്ച് ഗതാഗത വകുപ്പ്. 19ന് മുഖ്യമന്ത്രിയെ നേരിൽ കണ്ടശേഷം അനൂകൂല തീരുമാനമില്ലെങ്കിൽ സർവീസ് നിർത്തിവയ്ക്കുന്നത് ഉൾപ്പെടെയുള്ള സമരങ്ങളിലേക്ക് നീങ്ങാനാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ തീരുമാനം. കെ.എസ്.ആർ.ടി.സിക്ക് നഷ്ടം വരുന്നെന്ന് ചൂണ്ടിക്കാട്ടി 2013 മുതലാണ് ദീർഘദൂര സർവീസ് നടത്തുന്ന 243 സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ ഏറ്റെടുത്തത്. സർക്കാർ വിജ്ഞാപനത്തിനെതിരെ ബസ് ഓപേറേറ്റേഴ്സ് ഫെഡറേഷനും ഏതാനും ബസുടമകളും ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ മാസം ആറിനാണ് വിധി പുറപ്പെടുവിപ്പിച്ചത്. വർഷങ്ങളായി സർവീസ് നടത്തുന്ന ബസുകൾക്ക് പോലും പെർമിറ്റ് പുതുക്കി നൽകുന്നില്ലെന്നായിരുന്നു ബസ് ഉടമകളുടെ പരാതി. ലിമിറ്റഡ് സ്റ്റോപ്പായി സർവീസ് നടത്തിയിരുന്ന ബസുകൾ ഓർഡിനറിയാക്കണമെന്ന സർക്കാർ വാദവും കോടതി അീഗീകരിച്ചിട്ടില്ല.
ഏറ്റെടുത്ത 243 ബസ് റൂട്ടുകളിൽ ഭൂരിഭാഗവും സറണ്ടർ ചെയ്യുകയോ പെർമിറ്റ് പുതുക്കാൻ കഴിയാതെ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടെന്നുമുള്ള ബസ് ഉടമകളുടെ വാദം കോടതി അംഗീകരിച്ചു.ദീർഘദൂര റൂട്ടുകൾ ഏറ്റെടുത്ത ശേഷവും കെ.എസ്.ആർ.ടി.സിയുടെ നഷ്ടം ഇരട്ടിയായെന്ന് ബസ് ഉടമകൾ കോടതിയിൽ ചൂണ്ടിക്കാട്ടി. 2013ൽ 400 കോടി രൂപയായിരുന്നു കെ.എസ്.ആർ.ടി.സിക്ക് വേണ്ടി ബഡ്‌ജറ്റിൽ വകയിരുത്തിയത്. നഷ്ടങ്ങൾ ഉൾപ്പെടെ വർദ്ധിച്ചതോടെ 2024-25ലെ ബഡ്‌ജറ്റിൽ 900 കോടി രൂപയായി ഉയർത്തേണ്ടിവന്നു. ദീർഘദൂര പെർമിറ്റുകൾ ഏറ്റെടുക്കുന്നതിന് മുമ്പ് 5,000ത്തോളം കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തിയിരുന്നുവെങ്കിൽ നിലവിൽ നാലായിരമായി കുറഞ്ഞു.
400 കോടി
2013ൽ ബഡ്‌ജറ്റ്
900 കോടി
2024ലെ ബഡ്‌ജറ്റ്
മുമ്പ് 5,000
4000
നിലവിൽ സർവീസ്
സർക്കാർ അനുകൂല നടപടിയെടുക്കണം
മലപ്പുറം: 140 ദീർഘദൂര ബസ് പെർമിറ്റുകൾ സ്വകാര്യ ബസുകൾക്ക് നൽകിയാൽ കെ.എസ്.ആർ.ടി.സി നഷ്ടത്തിലാകുമെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗതാഗത വകുപ്പിന്റെ വികലമായ നയം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്നതാണ്. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകി നിയമവ്യവഹാരം നീട്ടികൊണ്ടുപോവാൻ ശ്രമിക്കരുതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഹംസ എരിക്കുന്നൻ, പാസ് മാനു, പക്കീസ കുഞ്ഞിപ്പ, കെ.സത്യൻ പാലക്കാട് എന്നിവർ ആവശ്യപ്പെട്ടു.