 
തിരുനാവായ: എടക്കുളം ജി.എം.എൽ.പി സ്‌കൂളിന്റെ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ച് ശിശുദിനാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ കുട്ടിക്കഥാകൃത്ത് മുഹമ്മദ് ഹസനുൽ അനസ്. പൂല്ലൂർ എ.എം.എൽ.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഹസനുൽ അനസ് അങ്ങാടിക്കുരുവികൾ, തെരുവിലെ കൂട്ടുകാർ തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മുഹമ്മദ് ഹസനുൽ അനസിനെ സ്‌കൂൾ പി.ടി.എയും അദ്ധ്യാപകരും ചേർന്ന് ആദരിച്ചു. കഥാകൃത്ത് ഫൈസൽ പുല്ലൂർ ശിശുദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റസിയ കൂടപ്പാട്ടിൽ അദ്ധ്യക്ഷയായി. പ്രധാനാദ്ധ്യാപിക യു.പ്രമീള, പി.ടി.എ വൈസ് പ്രസിഡന്റ് എം.കെ.മുഹമ്മദ് റാഫി, സ്‌കൂൾ ലീഡർ ദിയാൻ സംസാരിച്ചു.