
മലപ്പുറം: മുനമ്പം ഭൂമി താമസക്കാർക്ക് വിട്ടുകൊടുക്കണമെന്ന മുസ്‌ലിം ലീഗ് നിലപാടിനെ തള്ളി സമസ്ത മുഖപത്രവും അതിലെ ഒരുവിഭാഗം നേതാക്കളും രംഗത്ത് വന്നത് പ്രശ്ന പരിഹാരം സങ്കീർണമാക്കുമെന്ന് ആശങ്ക. അത് വഖഫ് സ്വത്താണെന്ന് മുഖപത്രത്തിൽ അവകാശപ്പെടുന്നു.
ഇത് സമസ്തയുടെ നിലപാടല്ലെന്നും മുനമ്പത്തെ പ്രശ്നം സമസ്ത പഠിക്കുന്നേയുള്ളൂവെന്നും പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിലപാട് വ്യക്തമാക്കി.സമസ്ത ഈ വിഷയത്തിൽ രണ്ടുചേരിയായി. പ്രശ്നം പരിഹരിക്കാൻ 22ന് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കേയാണ് പുതിയ സംഭവവികാസം.
ഭൂമി തിരിച്ചുകിട്ടാനുള്ള നിയമ പോരാട്ടം നടത്തേണ്ടതിന്റെ ഉത്തരവാദിത്വമുള്ളവരാണ് വഖഫ് ബോർഡെന്നും താത്പര്യങ്ങളുടെയും അഡ്‌ജസ്റ്റ്‌മെന്റിന്റേയും പുറത്ത് പരിഹാരം കാണേണ്ടതല്ല വഖഫ് സ്വത്തെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ മുഖപത്രത്തിലെ ലേഖനത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കോഴിക്കോട് ചേർന്ന എസ്.കെ.എസ്.എസ്.എഫ് ആദർശ സമ്മേളനത്തിൽ വഖഫ് ഭൂമി തന്നെയാണെന്നാണ് സമസ്തയുടെ നിലപാടെന്ന് മുശാവറ അംഗം ഉമർ ഫൈസി മുക്കം പറഞ്ഞിരുന്നു. പിന്നാലെ ഉമർ ഫൈസിയെ തള്ളി സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ രംഗത്തെത്തി. അഭിപ്രായം പറയേണ്ടത് സമസ്ത നേതൃത്വമാണെന്നും ആരെങ്കിലും പൊതുയോഗത്തിലോ മറ്റോ പറയുന്നത് സമസ്തയുടെ നിലപാടായി കാണാനാകില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.
ഭൂമി താമസക്കാർക്ക് വിട്ടുകൊടുക്കണമെന്ന് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് ചേർന്ന മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. ഇതിന് വിഭിന്നമായ അഭിപ്രായം സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയിലുള്ള നേതാക്കളാണ് ഉന്നയിക്കുന്നത്.
സാദിഖലി തങ്ങൾ നേരിട്ട്
ബിഷപ്പുമായി സംസാരിക്കും
പ്രശ്നപരിഹാരത്തിന് സർക്കാർ മുൻകൈയെടുത്തില്ലെങ്കിൽ പാണക്കാട് സാദിഖലി തങ്ങൾ നേരിട്ട് ബിഷപ്പുമാരുമായി സംസാരിക്കുന്നതിന് സാഹചര്യമൊരുക്കാനാണ് ലീഗിന്റെ തീരുമാനം. രമ്യമായി പരിഹരിക്കണമെന്നതാണ് നിലപാടെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. താമസക്കാരെ കുടിയിറക്കരുതെന്ന് മുസ്‌ലിം സംഘടനകളുടെ യോഗം വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നം പെട്ടെന്ന് പരിഹരിക്കാവുന്നതേയുള്ളൂ. സർക്കാരിന്റെ തീരുമാനം നീണ്ടുപോവുന്നതിന് വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്. മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടിൽ നിറുത്തുന്നു. ഇത് ബി.ജെ.പി മുതലെടുക്കുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.