
മലപ്പുറം: കോഴി മാലിന്യത്തിന്റെ ടിപ്പിംഗ് ഫീസ് കിലോയ്ക്ക് ഏഴ് രൂപയാക്കണമെന്ന ആവശ്യം നിരാകരിച്ച അധികൃതരുടെ നിലപാടിലും ജില്ലയിലെ മാലിന്യം നിയമവിരുദ്ധമായി അന്യജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും കയറ്റിപ്പോവുന്നത് തടയുന്നതിൽ സർക്കാർ കാണിക്കുന്ന അനാസ്ഥയിലും പ്രതിഷേധിച്ച് ജില്ലയിലെ റെൻഡറിംഗ് പ്ലാന്റുകൾ നവംബർ 27 മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടും. റെൻഡറിംഗ്ഓണേഴ്സ് അസോസിയേഷൻ മലപ്പുറം(ആർ. ഒ.എ.എം) ജില്ലാ ഭാരവാഹികളായ സി.എം. മാനു, കെ.ആർ.പി. റഹ്മാൻ, ടി.വി. മുസ്തഫ എന്നിവർ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം  അറിയിച്ചത്.
റെൻഡറിംഗ് പ്ലാന്റുകൾക്ക് ആവശ്യമായ കോഴിമാലിന്യം ലഭിക്കാത്തതിനാൽ വലിയ പ്രതിസന്ധി നേരിടുന്നു.
ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് ലോറികളിൽ കോഴിമാലിന്യം കയറ്റിപോവുന്നത്. ഇത്തരം വാഹനങ്ങൾ കണ്ടുകെട്ടണമെന്ന കോടതി നിർദ്ദേശം പാലിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവുന്നില്ല.
ജില്ലയിലെ നിലവിലുള്ള പ്ലാന്റുകൾ സാധാരണ നിലയിൽ പ്രവർത്തിക്കണമെങ്കിൽ പ്രതിദിനം 350 ടൺ മാലിന്യം വേണം. 100 ടണ്ണേ ലഭിക്കുന്നുള്ളൂ. 
കോഴിമാലിന്യം അതത് ജില്ലകളിൽതന്നെ കൈകാര്യം ചെയ്യണമെന്ന കോടതി ഉത്തരവുകൾ ഇവിടെ നടപ്പാകുന്നില്ല.