ചങ്ങരംകുളം: വളയംകുളത്ത് അടച്ചിട്ട വീട് കുത്തിതുറന്ന് സ്വർണവും പണവും കവർന്ന സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. വാഴക്കാട് സ്വദേശി പിലാത്തോട്ടത്തിൽ മുഹമ്മദ് റിഷാദിനെയാണ്(35)​ അന്വേഷണ സംഘം പിടികൂടിയത്. കാപ്പ ചുമത്തി നാടു കടത്തിയ മുഹമ്മദ് റിഷാദ് കാപ്പ നിയമം ലംഘിച്ചാണ് ജില്ലയിലെത്തി കവർച്ച നടത്തിയത്. ഒളിവിലായിരുന്ന ഇയാളെ വാഴക്കാട് പൊലീസാണ് പിടികൂടിയത്. വാഴക്കാട് പൊലീസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് കവർച്ച നടന്ന വളയംകുളത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.കേസിൽ രണ്ടാം പ്രതി മലപ്പുറം വാഴക്കാട് സ്വദേശി ഇംതിയാസ് അലി(38)​ നേരത്തെ അന്വേഷണ സംഘം പിടികൂടിയിരുന്നു. അസ്സബാഹ് കോളേജിനടുത്ത് താമസിക്കുന്ന ചെറുകര റഫീക്കിന്റെ വീട്ടിലാണ് കഴിഞ്ഞ വ്യാഴാഴ്ച കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ച അഞ്ച് പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളും 30,​000 രൂപയും 150 ഒമാനി റിയാലുമാണ് മോഷ്ടാക്കൾ കവർന്നത്.ബന്ധുവീട്ടിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയ റഫീക്കിനെയും കുടുംബത്തെയും കണ്ടതോടെ മോഷ്ടാക്കൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി.മോഷ്ടാക്കൾ കൊണ്ട് വന്ന ബൈക്ക് റോഡരികിൽ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്.പിന്നീട് ഒരു കിലോമീറ്റർ അകലെയുള്ള പാവിട്ടപ്പുറത്തെ ഹാരിസ് എന്നയാളുടെ വീട്ടിലെത്തി ഇവരുടെ വീട്ടുമുറ്റത്ത് നിറുത്തിയിട്ട ബൈക്ക് മോഷ്ടിച്ചാണ് സംഘം കടന്ന് കളഞ്ഞത്.

മോഷണം പോയ ബൈക്കും നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.സമാനമായ നിരവധി മോഷണ കേസുകളിൽ ഉൾപെട്ടവരാണ് പ്രതികൾ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.പിടിയിലായ മുഹമ്മദ് റിഷാദിനെ തെളിവെടുപ്പിന് ശേഷം പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.ചങ്ങരംകുളം സി.ഐ. ഷൈൻ, എസ് .ഐമാരായ സുധീർ, സതീഷ്‌ കുമാർ,​ പൊലീസുകാരായ സുജിത്, ഹരിനാരായണൻ, മനോജ്, അജിത്, ശ്രീഷ് ,ശശികുമാർ, മുകേഷ് എന്നിവരാണ് കേസിൽ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തിയത്‌