കൊച്ചി: മഞ്ചേരി കോട്ടക്കൽ കുറ്റിപ്പുറം ആലിക്കൽ ജുമാമസ്ജിദിൽ സഹോദരങ്ങളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ഒമ്പത് പ്രതികളെയും ഹൈക്കോടതി വെറുതേവിട്ടു. സാക്ഷിമൊഴികൾ വിശ്വസനീയമല്ലെന്നും കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് സി. പ്രദീപ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻബൈഞ്ച് വിലയിരുത്തി. പ്രതികളായ അബ്ദു സുഫിയാൻ, യൂസഫ് ഹാജി, മുഹമ്മദ് നവാസ്, ഇബ്രാഹിം കുട്ടി, മുജീബ് റഹ്മാൻ, സൈതലവി, മൊയ്തീൻകുട്ടി, അബ്ദുൾ റഷീദ്, ബീരാൻ എന്നിവരെയാണ് വെറുതേ വിട്ടത്. 11 പ്രതികളിൽ രണ്ടു പേർ ജീവിച്ചിരിപ്പില്ല.
മഞ്ചേരി അഡിഷണൽ സെഷൻസ് കോടതി ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഉത്തരവ്. പുളിക്കൽ അബ്ദു(45), അബൂബക്കർ (50) എന്നിവരാണ് കൊല്ലപ്പെട്ടത്. ആറു പേർക്ക് പരിക്കേറ്റിരുന്നു.
2008 ആഗസ്റ്റ് 29നായിരുന്നു സംഭവം. പള്ളിക്കമ്മിറ്റി അംഗങ്ങളുടെ അനുവാദമില്ലാതെ മഹല്ല് ഖാസിയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആക്രമണത്തിൽ പ്രതികൾക്കു പരിക്കേറ്റിരുന്നെന്നും ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം പ്രോസിക്യൂഷൻ നൽകിയില്ലെന്നും കോടതി വിലയിരുത്തി.