
മഞ്ചേരി: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി ജനങ്ങളെ പറ്റിക്കാനാണ് തനിക്കെതിരെ കോടതിയിൽ പരാതി നൽകിയതെന്നും ഇ.പി. ജയരാജനെ പുറത്താക്കാനാണ് സി.പി.എമ്മിന്റെ നീക്കമെന്നും പി.വി.അൻവർ എം.എൽ.എ.
ആരോപണങ്ങൾ ഉയർന്നിട്ടും ഡി.സി ബുക്സ് മിണ്ടാത്തത് പേടിച്ചിട്ടാണ്. സംഘടിത കുറ്റമാണ് ഇ.പിയുടെ പുസ്തക വിവാദം. പി.ശശിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് ഇതിന് പിന്നിൽ. റിയാസിനെ മുഖ്യമന്ത്രിയാക്കാനാണ് ഇതെല്ലാം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. ഇ.പി. ജയരാജൻ വിവാദവുമായി ബന്ധപ്പെട്ട് ഫോൺ റെക്കോർഡുകൾ ഉൾപ്പെടെ തെളിവുകൾ താൻ പുറത്തുവിടുമെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശശിയുടെ വാറോലയ്ക്ക് മറുപടി കൊടുക്കില്ല. കോടതിയിൽ കാണാം. തനിക്ക് കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് ശശി തെളിയിക്കണം. താൻ ഉന്നയിച്ച വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയായി. പാലക്കാട്ടും ഇത് പ്രതിഫലിക്കും. ഇതിൽ നിന്ന് രക്ഷപ്പെടാനാണ് നീക്കം. അൻവർ പറയുന്നത് തെറ്റാണെങ്കിൽ എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ലെന്ന് സഖാക്കളും ചോദിച്ചിരുന്നു. താൻ ഉന്നയിച്ച കാര്യങ്ങളൊന്നും അന്വേഷിച്ചിട്ടില്ല.
പാലക്കാട്ട് ബി.ജെ.പിയെ ജയിപ്പിക്കാമെന്ന കരാർ മുഖ്യമന്ത്രിയും ശശിയുമാണ് ഏറ്റെടുത്തിട്ടുള്ളത്. ചിഹ്നം പോലും കൊടുക്കാത്ത സരിനെ പരാജയപ്പെടുത്തും. പാലക്കാട്ട് കോൺഗ്രസിന്റെ സ്ഥിതി പരിതാപകരമാണ്. വയനാട്ടിൽ കോൺഗ്രസ് നേതാക്കൾ എ.സി മുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. ലീഗിന് സ്വാധീനമുള്ളിടത്താണ് വോട്ടിംഗ് നടന്നത്. പാലക്കാട്ടും ലീഗ് പ്രവർത്തിക്കുന്നുണ്ട്. പാലക്കാട്ട് ബി.ജെ.പി ജയിക്കാനാണ് സാദ്ധ്യത. കൃഷ്ണകുമാർ മുസ്ലിം കുടുംബങ്ങളിൽ ഉൾപ്പെടെ എത്തിയിട്ടുണ്ട്. ബി.ജെ.പിക്കല്ല തനിക്ക് വോട്ട് തരണമെന്നാണ് ആവശ്യപ്പെടുന്നത്. ചേലക്കരയിൽ ഇടതുപക്ഷത്തിന്റെ ഉൾപ്പെടെ വോട്ട് പിടിച്ച സുധീറിനാണ് സാദ്ധ്യതയെന്നും അൻവർ പറഞ്ഞു.