
പൊന്നാനി : തകർന്ന റോഡുകളും കൃത്യമായ ട്രാഫിക് സംവിധാനങ്ങളുടെ അപര്യാപ്തതയും പൊന്നാനിയിലെ റോഡ് ഗതാഗതത്തെ പ്രതിസന്ധിയിലാക്കുന്നു നഗരത്തിലെ ഹൃദയഭാഗങ്ങളിൽ കടുത്ത ഗതാഗത കുരുക്ക് തുടർസംഭവങ്ങളാവുകയാണ്. അവധി ദിനങ്ങളിൽ സഞ്ചാരികൾ വലിയ തോതിലെത്തുന്ന കർമ്മ റോഡിലും ബിയ്യം കായൽ പരിസരങ്ങളിലും വലിയ ഗതാഗത കുരുക്കനുഭവപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസം ചമ്രവട്ടം ജംഗ്ഷനിൽ നിന്നും കുറ്റിപ്പുറം ഭാഗത്തേയ്ക്കുള്ള റോഡിൽ മണിക്കൂറുകളോളം ഗതാഗത കുരുക്കുണ്ടായി. പ്രശ്നം പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടികളുണ്ടാവാത്തത് പ്രശ്നം ഗുരുതരമാക്കുന്നു. ആറുവരി പാതയുടെ നിർമ്മാണം നടക്കുന്നതിനാൽ കോഴിക്കോട് എറണാകുളം ഭാഗത്തേയ്ക്കുള്ള വലിയ വാഹനങ്ങൾ ഈ പാതയിൽ ഒരുപാട് ദൂരം ബ്ലോക്കിൽ അകപ്പെടുന്നുണ്ട്. കടുത്ത പൊടിശല്യവും യാത്രക്കാരെ പൊറുതിമുട്ടിക്കുന്നു. ഇത്തരം സാഹചര്യങ്ങൾ ഉണ്ടായിട്ടും ഹൈവേ പൊലീസ് അധികൃതരടക്കമുള്ളവർ ഇടപെടുന്നില്ലെന്ന പരാതി വ്യാപകമാണ്.
കുടിവെള്ള പദ്ധതിയുടെ പേരിൽ പൊളിച്ചിട്ട റോഡുകൾ മാസങ്ങളായി തകർന്ന് കിടപ്പാണ്. ൽ യഥാസമയം ടാറിംഗ് നടത്താൻ പി.ഡബ്ല്യൂ.ഡി അധികൃതർ നടപടിയെടുക്കുന്നില്ല. നാളുകളായി തകർന്ന് കിടക്കുന്ന പൊന്നാനിയിലെ പല റോഡുകളും ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കുമെന്ന പാഴ്വാക്ക് മാത്രമാണ് ബന്ധപ്പെട്ട അധികൃതർ നൽകുന്നത്.
തെരുവുവിളക്കുകളുമില്ല
കർമ്മ റോഡിൽ നിലവിൽ പലയിടത്തും വേണ്ട രീതിയിൽ തെരുവ് വിളക്കുകളില്ലാത്തതും യാത്ര ദുഷ്‌കരമാക്കുന്നു.
സുരക്ഷാ മാനദണ്ഡങ്ങളൊന്നുമില്ലാതെ വലിയ ഭാരവാഹനങ്ങൾ പോകുന്നത് ഇരുചക്ര യാത്രക്കാർക്കും കാൽനട യാത്രകാർക്കും കടുത്ത ഭീഷണി സൃഷ്ടിക്കുന്നു.
കാട് പിടിച്ചു കിടക്കുന്നതിനാൽ കർമ്മ റോഡിൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. രാത്രിസമയങ്ങളിൽ പ്രത്യേകിച്ചും.
വലിയ ടൂറിസം സാദ്ധ്യതകളുള്ള കർമ്മ റോഡിൽ പൂർണ്ണമായും തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നത് നാളുകളായുള്ള ആവശ്യമാണ്.