vvv

മലപ്പുറം: ജില്ലയിൽ മഞ്ഞപ്പിത്തം പടരുകയും ജീവനെടുക്കുകയും ചെയ്യുമ്പോഴും ഈ മാസം ആകെ 106 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഒരാഴ്ചയ്ക്കിടെ കുറ്റിപ്പുറത്തും വഴിക്കടവിലും മാത്രം 170ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് എന്നിരിക്കെയാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ കണക്കിൽ ഈ കുറവ് !. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിക്കെ ഈ മാസം 11ന് പൊന്നാനി സ്വദേശിനിയായ പത്ത് വയസുകാരി മരണപ്പെട്ടിരുന്നു.

കുറ്റിപ്പുറം പഞ്ചായത്തിലെ വാർഡ് 1,2, 21, 22 വാർഡുകളിലാണ് 150ഓളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. പ്രദേശത്ത് നടന്ന വിവാഹ ചടങ്ങിനിടെയാണ് രോഗം പടർന്നതെന്നാണ് സൂചന. കുട്ടികൾ ഉൾപ്പെടെ മഞ്ഞപ്പിത്തം ബാധിച്ചവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ജലസ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്താനാണ് നിർദ്ദേശം. വഴിക്കടവ് പഞ്ചായത്തിൽ 20 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. എടക്കര പഞ്ചായത്തിലും രോഗബാധിതരുണ്ട്. രോഗം കൂടുതൽ റിപ്പോർട്ട് ചെയ്ത വാർഡിലെ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും വഴിക്കടവിൽ മഞ്ഞപ്പിത്തം വ്യാപനം ഉണ്ടായിരുന്നു. വഴിക്കടവിൽ ആരോഗ്യ വകുപ്പ് രോഗപ്രതിരോധ നടപടികൾ കൃത്യമായി കൈകൊള്ളുന്നില്ലെന്ന ആരോപണവുമായി പി.വി.അൻവർ എം.എൽ.എ രംഗത്തുവന്നിട്ടുണ്ട്.

കണക്ക് മറച്ചാൽ വിനയാകും

ജില്ലയിലെ വിവിധ ഇടങ്ങളിൽ മഞ്ഞപ്പിത്തം വ്യാപനം ശക്തമായിട്ടും ആരോഗ്യ വകുപ്പിന്റെ കണക്കിലെ കുറവ് പൊതുജനങ്ങളിൽ ജാഗ്രതക്കുറവിന് വഴിവയ്ക്കുമെന്ന അഭിപ്രായം ശക്തമാണ്.

പകർച്ചവ്യാധികൾക്കെതിരെ തദ്ദേശ വകുപ്പും ആരോഗ്യ വകുപ്പും കൈകോർത്ത് പ്രവർത്തിക്കേണ്ടതുണ്ടെങ്കിലും ഇത് പലപ്പോഴും നടക്കുന്നില്ലെന്നത് രോഗവ്യാപനത്തിന് വഴിവയ്ക്കുന്നു.

ഹോട്ടലുകൾ, തട്ടുകടകൾ, കൂൾ ബാറുകൾ എന്നിവിടങ്ങളിലെ ശുചിത്വം, ജലസ്രോതസ്സ് എന്നിവ സംബന്ധിച്ച് പരിശോധനകൾ നടത്താറില്ല. പലപ്പോഴും രോഗം പൊട്ടിപ്പുറപ്പെടുമ്പോഴാണ് പരിശോധന നടത്തുക.

കല്യാണം, സത്ക്കാരം ഉൾപ്പെടെ കൂടുതൽ പേർ പങ്കെടുക്കുന്ന ചടങ്ങുകളിലാണ് മിക്കപ്പോഴും രോഗം പൊട്ടിപ്പുറപ്പെടാറുള്ളത്.

ജല വിതരണ ടാങ്കറുകൾ, ബാരലുകൾ, ഐസ് ഫാക്ടറികൾ എന്നിവിടങ്ങളിൽ നിന്ന് വിതരണം ചെയ്യുന്ന വെള്ളം പരിശോധിക്കാത്തത് രോഗ വ്യാപനത്തിന് വഴിവയ്ക്കുന്നുണ്ട്.

ജലസ്രോതസ്സുകളിൽ മാലിന്യം തള്ളുന്നത് ജലജന്യ രോഗങ്ങൾ വ്യാപകമാവാൻ കാരണമാവുന്നുണ്ട്.