p

മലപ്പുറം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ (കാസ്പ്) കുടിശികത്തുക കിട്ടാതായതോടെ സ്വകാര്യ ആശുപത്രികൾ കൂട്ടത്തോടെ പിന്മാറുന്നു. 1,300 കോടി കുടിശികയിൽ സ്വകാര്യ ആശുപത്രികൾക്ക് മാത്രം നൽകാനുള്ളത് 500 കോടിയാണ്.

411 സ്വകാര്യ ആശുപത്രികളിൽ നൂറോളം പിന്മാറിക്കഴിഞ്ഞു. 42 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്കാണ് പിന്മാറ്റം തിരിച്ചടിയാവുന്നത്. അഞ്ച് ലക്ഷത്തിന്റെ ചികിത്സാസഹായമാണ് ലഭ്യമാക്കുന്നത്. ഒരു കുടുംബത്തിന് 1,050 രൂപയാണ് വാർഷിക പ്രീമിയം.

കുടിശിക ആവശ്യപ്പെട്ടുള്ള ആരോഗ്യവകുപ്പിന്റെ ഫയലിൽ സാമ്പത്തിക പ്രതിസന്ധി കാരണം ധനവകുപ്പ് തീരുമാനമെടുത്തിട്ടില്ല. ഇത്രയും തുക ഒന്നിച്ചു നൽകാനാവില്ലെന്നാണ് നിലപാട്. 100 കോടി അനുവദിക്കാൻ നീക്കം നടക്കുന്നുണ്ടെന്നറിയുന്നു. ഇതുകൊണ്ട് ഒന്നുമാവില്ല.

സർക്കാർ ആശുപത്രികൾക്ക് ഇംപ്ലാന്റുകൾ, സ്റ്റെന്റുകൾ, ഉപകരണങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുന്ന ഏജൻസികൾക്കും കുടിശികയുണ്ട്. അതിനാൽ ഏജൻസികൾ പലതും വിതരണത്തിന് വിമുഖത കാട്ടുന്നു. കേന്ദ്രവിഹിതം കൃത്യമായി കിട്ടാത്തതും ഗുണഭോക്താക്കളുടെ എണ്ണം കൂടിയതുമാണ് പ്രതിസന്ധിക്ക് കാരണമായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര വിഹിതം ഉയർത്തണമെന്നും ആവശ്യമുണ്ട്.

കൊടുത്തത് 10%

1 ആഗസ്റ്റിൽ 130 കോടി സർക്കാർ അനുവദിച്ചു. കുടിശികയുടെ പത്ത് ശതമാനമേ ലഭിച്ചുള്ളൂവെന്ന് സ്വകാര്യ ആശുപത്രികൾ

2 രോഗിയെ ഡിസ്ചാർജ് ചെയ്ത് 15 ദിവസത്തിനുള്ളിൽ ചികിത്സാച്ചെലവ് കൈമാറണമെന്നാണ് വ്യവസ്ഥ

3 42 ലക്ഷം കുടുംബങ്ങളിൽ 23.97 ലക്ഷത്തിനാണ് കേന്ദ്ര വിഹിതമായി 631.20 രൂപവീതം അനുവദിക്കുന്നത്
4.ബാക്കി വിഹിതവും 18.02 ലക്ഷം കുടുംബങ്ങളുടെ മുഴുവൻ പ്രീമിയവും സംസ്ഥാനം വഹിക്കണം

സാമ്പത്തിക സ്ഥിതിയനുസരിച്ച് മാത്രം തുടർന്നാൽ മതിയെന്നാണ് ആശുപത്രികൾക്ക് നൽകിയ നിർദ്ദേശം. മുഖ്യമന്ത്രിക്ക് പരാതി നൽകും

-ഹുസൈൻ കോയ തങ്ങൾ, പ്രസിഡന്റ്

കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോ.