
മലപ്പുറം: ജില്ലയിൽ 14 ആശുപത്രികളിൽ കൂടി ഇ-ഹെൽത്ത് സംവിധാനമൊരുങ്ങുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങളായ അമരമ്പലം, അങ്ങാടിപ്പുറം, എടപ്പറ്റ, തേഞ്ഞിപ്പലം, ഊരകം, മാറഞ്ചേരി ന്യൂ, പുഴക്കാട്ടിരി, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളായ മാറഞ്ചേരി, പുറത്തൂർ, കരുവാരക്കുണ്ട്, ഓമാനൂർ, ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററുകളായ പൂക്കോട്ടൂർ, വെട്ടം, വേങ്ങര എന്നിവിടങ്ങളിലാണ് ഈ സാമ്പത്തിക വർഷം അവസാനിക്കും മുമ്പ് ഇ-ഹെൽത്ത് സംവിധാനമെത്തുക. ഇവിടങ്ങളിൽ ഇന്റർനെറ്റ് കണക്ഷൻ, യു.പി.എസ് വയറിംഗ് പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടുണ്ട്. കമ്പ്യൂട്ടറുകൾ വൈകാതെ എത്തും.
ജില്ലയിൽ 58 ആശുപത്രികളിലാണ് നിലവിൽ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സെപ്തംബർ മൂന്നിന് ഇ-ഹെൽത്ത് ആരംഭിച്ചതാണ് ഒടുവിലത്തേത്. 34.86 ലക്ഷം പേരാണ് ഇ-ഹെൽത്ത് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കിയ ആശുപത്രികളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ് മലപ്പുറം.
ഒരു വ്യക്തിയ്ക്ക് ഒരു ഹെൽത്ത് റെക്കോർഡ് എന്നാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. രോഗിയുടെ മുൻകാല രോഗങ്ങൾ, ലഭിച്ച ചികിത്സ, ഓപ്പറേഷൻ നടത്തിയതാണോ തുടങ്ങിയ എല്ലാ കാര്യങ്ങളും യു.എച്ച്.ഐ.ഡി നൽകുന്നതോടെ കമ്പ്യൂട്ടറിൽ ലഭ്യമാവും.
ഇ-ഹെൽത്ത് നടപ്പിലാക്കിയ ആശുപത്രികൾ
> കുടുംബാരോഗ്യ കേന്ദ്രങ്ങളായ തുവ്വൂർ, എ.ആർ.നഗർ, ആലംങ്കോട്, അത്താണിക്കൽ, ചാലിയാർ, ചേലമ്പ്ര, ചെമ്മലശ്ശേരി, ചെറുകാവ്, ചോക്കാട്, എടയൂർ, ഏലംകുളം, കാലടി, കരുളായി, കൂട്ടായി, കോട്ടയ്ക്കൽ, കുഴിമണ്ണ, മാറാക്കര, മൂന്നിയൂർ, മൂർക്കനാട്, മൊറയൂർ, നന്നമ്പ്ര, ഒഴൂർ, പാലപ്പെട്ടി, പാണ്ടിക്കാട്, പാങ്ങ്, പരപ്പനങ്ങാടി, പുളിക്കൽ, പൊന്മള, പൂവത്തിക്കൽ, പോരൂർ, പോത്തുകല്ല്, തലക്കാട്, താനാളൂർ, താഴേക്കോട്, തിരുന്നാവായ, തൃത്തലങ്കോട്, തൃപ്പനച്ചി, തൃപ്രങ്ങോട്, വളവന്നൂർ, വട്ടംകുളം, വാഴക്കാട്, വാഴയൂർ, വഴിക്കടവ്, വെളിയങ്കോട്.
> മഞ്ചേരി മെഡിക്കൽ കോളേജ്
> തിരുവാലി ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ
> തിരൂർ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രികൾ
> ജില്ലാ പബ്ലിക് ഹെൽത്ത് ലബോറട്ടറി
> താലൂക്ക് ആശുപത്രികളായ മലപ്പുറം, തിരൂരങ്ങാടി, വണ്ടൂർ
> അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളായ ബിയ്യം, മംഗലശ്ശേരി, നിലമ്പൂർ, പെരിന്തൽമണ്ണ, വെട്ടേക്കോട്
> പൊന്നാനി വുമൺ ആൻഡ് ചിൽഡ്രൻസ് ആശുപത്രി.
പദ്ധതിയെ സംബന്ധിച്ച കൃത്യമായ അവബോധം ഇല്ലാത്തതിനാൽ പലരും ഐ.ഡി ഉണ്ടെങ്കിലും ഉപയോഗിക്കാൻ മടിക്കുകയാണ്.
ഇ-ഹെൽത്ത് ജില്ലാ പ്രൊജക്ട് എൻജിനീയർ, മുഹമ്മദ് ഫാറൂഖ്