
മലപ്പുറം: ജില്ലയിൽ കെട്ടിടങ്ങൾക്ക് തീപിടിച്ചുള്ള അപകടങ്ങൾ വർദ്ധിക്കുന്നു. ഒന്നര മാസത്തിനിടെ ജില്ലയിലെ വിവിധ ഫയർ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത 152 തീപിടിത്ത കേസുകളിൽ നല്ലൊരു പങ്കും കെട്ടിടങ്ങൾക്ക് തീപിടിച്ചുള്ള അപകടങ്ങളാണെന്ന് അധികൃതർ പറയുന്നു. ആളപായമില്ല. വൈദ്യുത അപകടങ്ങൾ തടയുന്നതിന് സ്ഥാപിക്കേണ്ട എർത്ത് ലീക്കേജ് സർക്ക്യൂട്ട് ബ്രേക്കർ (ഇ.എൽ.സി.ബി) മിക്ക പഴയ കെട്ടിടങ്ങളിലുമില്ല. വൈദ്യുത ഷോർട്ട് സർക്യൂട്ട് മാത്രമല്ല, സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഗ്യാസ് സിലിണ്ടർ, ഇന്ധനങ്ങൾ, വേഗത്തിൽ കത്താൻ സാദ്ധ്യതയുള്ള ഉത്പ്പന്നങ്ങൾ എന്നിവ സൂക്ഷിക്കുന്നതും വില്ലനാവുന്നുണ്ട്. ജീവനക്കാർ ഉൾപ്പെടെയുള്ളവർ സിഗരറ്റ് അലക്ഷ്യമായി വലിച്ചെറിയുന്നതും അപകടങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട്.
ഇടയ്ക്കിടെ മഴ ലഭിക്കുന്നതിനാൽ പുല്ലുകൾക്കും കാടുകൾക്കും തീ പിടിക്കുന്നത് കുറവാണ്. ചൂട് വർദ്ധിക്കുന്നതോടെ ഫെബ്രുവരിയിൽ ഇത്തരം കേസുകളുടെ എണ്ണവും കൂടുമെന്നാണ് വിലയിരുത്തൽ. ഒന്നരമാസത്തിനിടെ ഏറ്റവും കൂടുതൽ തീപിടിത്ത റിപ്പോർട്ട് ചെയ്തത് മലപ്പുറം ഫയർ സ്റ്റേഷൻ പരിധിയിലാണ്, 34 കേസുകൾ. ഒമ്പത് വീതം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട തിരൂർ, പൊന്നാനിയിലുമാണ് ഏറ്റവും കുറവ്.
ഫയർ സ്റ്റേഷൻ.................റിപ്പോർട്ട് ചെയ്ത കേസുകൾ
മലപ്പുറം ................................ 34
പെരിന്തൽമണ്ണ ................... 25
താനൂർ ................................ 21
മഞ്ചേരി ................................ 18
തിരുവാലി............................ 19
നിലമ്പൂർ ............................ 17
തിരൂർ ................................. 9
പൊന്നാനി ......................... 9
ശ്രദ്ധ വേണം
> കെട്ടിടങ്ങൾക്കിടയിൽ തീ പടരാൻ സാദ്ധ്യതയുള്ളതിനാൽ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഇന്ധനമോ ഗ്യാസ് സിലിണ്ടറോ ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യണം.
> മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ ശേഖര നിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടുത്തമുണ്ടാകാനുള്ള സാദ്ധ്യത മുൻനിറുത്തി ഫയർ ഓഡിറ്റ് നടത്തി സുരക്ഷാ മുൻകരുതലുകൾ എടുക്കുക.
> വീണ് കിടക്കുന്ന ഇലകളും അവശിഷ്ടങ്ങളും കൂട്ടിയിട്ട് കത്തിക്കുന്നത് ഒഴിവാക്കുക. കത്തിക്കുന്നുണ്ടെങ്കിൽ ഫയർ ബ്രേക്കുകൾ ഒരുക്കുക.
> ചപ്പുചവറുകൾ കത്തിച്ച ശേഷം തീ പൂർണ്ണമായും അണഞ്ഞെന്ന് ഉറപ്പ് വരുത്തുക.
> ചൂടുള്ള കാലാവസ്ഥയിലും ഉച്ച സമയത്തും കാറ്റുള്ളപ്പോഴും തുറന്ന സ്ഥലങ്ങളിൽ കത്തിക്കാതിരിക്കുക.
> കൃഷിയില്ലാത്ത പാടശേഖരങ്ങളുടെ വരമ്പുകളിൽ താമസിക്കുന്നവർ ചുരുങ്ങിയത് അഞ്ച് മീറ്റർ വരമ്പിലെ കാടെങ്കിലും നീക്കം ചെയ്യുക.
> തീ പടർന്ന് പിടിക്കാവുന്ന ഉയരത്തിലുള്ള മരങ്ങൾക്ക് ചുവട്ടിൽ കത്തിക്കാതിരിക്കുക.
വൈദ്യുതാപകടങ്ങൾ തടയുന്നതിന് ആവശ്യമായ ഉപകരണങ്ങൾ കെട്ടിടങ്ങളിൽ സ്ഥാപിക്കണം. കാലപ്പഴക്കം ചെന്ന വയറിംഗ് മാറ്റണം. സിഗരറ്റ് പോലുള്ളവ വലിച്ചെറിയുമ്പോൾ ശ്രദ്ധിക്കണം. ചെറിയ അശ്രദ്ധ വലിയ അപകടങ്ങളിലേക്ക് വഴിവയ്ക്കും.
അബ്ദുൽ സലീം, മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ