chamravettam

തിരൂർ: ചമ്രവട്ടം പാലം വഴിയുള്ള റോഡ് യാത്ര ദുരിതയാത്രയാവുന്നു. പാലത്തിന്റെ ചമ്രവട്ടം ഭാഗത്തും നരിപറമ്പ് ഭാഗത്തും റോഡുകളിൽ നിറയെ കുഴികളാണ്. ഒപ്പം പൊടിശല്യവും നാട്ടുകാരെ വലയ്ക്കുന്നു.

കോഴിക്കോട് നിന്നും ഗുരുവായൂർ, എറണാകുളം ഭാഗത്തേക്ക് ഏറ്റവും എളുപ്പത്തിൽ സഞ്ചരിക്കാവുന്ന പാതയാണ് ചമ്രവട്ടം പാത. ചരക്ക് ലോറികളടക്കമുള്ള വാഹനങ്ങൾ വലിയ തോതിൽ പാതയെ ആശ്രയിക്കുന്നുണ്ട്. തിരൂർ - പൊന്നാനി പ്രദേശങ്ങളെ ബന്ധിപ്പിക്കാൻ ഭാരതപ്പുഴയുടെ കുറുകെ നിർമ്മിച്ച ഈ പാലം 2013ലാണ് നിർമ്മാണം പൂർത്തിയാക്കി തുറന്ന് കൊടുത്തത്. ദീർഘദൂര യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഈ പാതയെയാണ്.

മഴക്കാലമായതോടെ റോഡിൽ രൂപപ്പെട്ട കുണ്ടുകളിൽ വെള്ളം നിറഞ്ഞ് ഗർത്തങ്ങളായതോടെയാണ് യാത്രാ ക്ലേശം രൂക്ഷമായത്. നേരത്തെ കുഴിയടക്കാനായി ഇട്ട കല്ലുകൾ പുറത്തേക്ക് തള്ളിനിൽക്കുന്നതോടെ വാഹനങ്ങൾക്ക് കടന്നു പോകാൻ പ്രയാസമായി. ഇരുചക്രവാഹനങ്ങൾ നടപ്പാതയിലൂടെയായി സഞ്ചാരം. അതോടെ കാൽനട യാത്രക്കാരും പാടുപെടുകയാണ്. മണ്ഡലമാസം ആരംഭിച്ചതോടെ ശബരിമലയിലേക്കുള്ള വാഹനങ്ങളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.

പാലത്തിന്റെ നരിപ്പറമ്പ് ഭാഗം ടൈലുകൾ വിരിച്ചും ചമ്രവട്ടം റോഡ് ടാർ ചെയ്തും റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.