
കൊച്ചി, മുനമ്പത്തേത് വഖഫ് ഭൂമിയെന്ന അവകാശവാദം ഇ.കെ സമസ്ത മുഖപത്രവും ഒരുവിഭാഗം നേതാക്കളും ഉയർത്തിയതിനു പിന്നാലെ കാന്തപുരം എ.പി സുന്നികളുടെ മുഖപത്രവും ഇക്കാര്യം ആവർത്തിച്ചത് പ്രശ്ന പരിഹാര സാദ്ധ്യതകളെ കൂടുതൽ സങ്കീർണമാക്കുമോ എന്ന ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 22-ന് മുഖ്യമന്ത്രി വിളിക്കുന്ന ഉന്നതതല യോഗത്തിൽ ഇരുസംഘടനകളുടെയും നിലപാട് നിർണായകമാണ്. മുസ്‌ലിം സംഘടനകൾക്കിടയിൽ അംഗ ബലത്തിലും, കൈകാര്യം ചെയ്യുന്ന വഖഫ് സ്വത്തുക്കളുടെ എണ്ണത്തിലും മുന്നിലാണ് ഇരുവരും. മുനമ്പത്തേത് വഖഫ് സ്വത്തു തന്നെ എന്നതിൽ മറ്റ് മുസ്‌ലിം സംഘടനകൾക്കിടയിലും രണ്ടഭിപ്രായമില്ല. അതേസമയം, സാമൂഹിക സാഹചര്യം കലുഷിതമാക്കാതിരിക്കാൻ മൗനം പുലർത്തുന്നുവെന്നു മാത്രം.
മുനമ്പത്തെ അവകാശവാദത്തിൽ നിന്ന് പൊടുന്നനെ പിന്നോട്ടുപോയാൽ ഭാവിയിൽ മറ്റ് വഖഫ് സ്വത്തുക്കളിൽ അവകാശവാദം ഉന്നയിക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പമാകുമോ എന്ന ചിന്ത മുസ്‌ലിം സംഘടനകൾക്കിടയിലുണ്ട്. മുനമ്പത്തേത് വഖഫ് ഭൂമിയെന്ന മുഖപത്രങ്ങളുടെയും ചില നേതാക്കളുടെയും നിലപാട് ഔദ്യോഗികമല്ലെന്ന് ഇരു സുന്നി നേതൃത്വങ്ങളും വ്യക്തമാക്കുമ്പോഴും അവകാശവാദത്തെ തള്ളിപ്പറയാത്തതും ഇതുകൊണ്ടു തന്നെ.
ക്രിസ്ത്യൻ വോട്ടുകൾ യു.ഡി.എഫിൽ നിന്ന് അകലുമോയെന്ന കോൺഗ്രസിന്റെ ആധിയാണ് മുനമ്പം വിഷയത്തിൽ സമവായത്തിന് മുന്നിട്ടിറങ്ങാൻ മുസ്‌ലിം ലീഗിനെ പ്രേരിപ്പിച്ചത്. ക്രിസ്ത്യൻ സഭയും മുസ്‌ലിം ലീഗ് നേതൃത്വവും നേരത്തെ പുലർത്തിയിരുന്ന ഇഴയടുപ്പം ഇപ്പോഴില്ല.
കൈവെട്ട് കേസ്, സാദിഖലി തങ്ങളുടെ ഹാഗിയ സോഫിയ വിവാദം, പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശം അടക്കം ഈ അകൽച്ചയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകൾ മുന്നിലിരിക്കെ സഭാ നേതൃത്വവുമായി ബന്ധം ഊഷ്മളമാക്കാൻ ലീഗ് നേതൃത്വം ആഗ്രഹിക്കുന്നുണ്ട്. ലത്തീൻ അതിരൂപതയുമായി നടത്തിയ സമവായ ചർച്ച ഇതിന്റെ ഭാഗമാണ്. ലീഗിന്റെ രാഷ്ട്രീയ ലക്ഷ്യത്തിനായി വഖഫിൽ സന്ധി ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യം മുസ്‌ലിം മതസംഘടനകൾക്കിടയിലുണ്ട്. മുനമ്പം വിഷയത്തിൽ സർക്കാർ തലത്തിലെ ചർച്ച നീളുന്തോറും ഭിന്നാഭിപ്രായങ്ങൾ വർദ്ധിക്കാനുള്ള സാദ്ധ്യത ലീഗിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
നവംബർ ഒന്നിന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ കോഴിക്കോട്ട് വിളിച്ചുചേർത്ത മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗം മുനമ്പം പ്രശ്നത്തിന് രമ്യമായ പരിഹാരം കാണണമെന്ന് ഐകകണ്ഠ്യേന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സമവായ പരിശ്രമങ്ങൾക്കും സർക്കാർ തീരുമാനങ്ങൾക്കും പൂർണ സഹകരണവും വാഗ്ദാനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്‌ലിം ജമാഅത്ത്, കെ.എൻ.എം, ജമാഅത്തെ ഇസ്‌ലാമി, കെ.എൻ.എം മർക്കസുദ്ദഅ്‌വ, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ, സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമ, എം.ഇ.എസ്, എം.എസ്.എസ് സംഘടനാ നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. അന്നത്തെ യോഗത്തിൽ ഉയരാതിരുന്ന ഭിന്നസ്വരങ്ങളാണ് ഇപ്പോൾ ഇ.കെ, എ.പി സുന്നി നേതാക്കളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്.
പറയേണ്ടത്
ആധാരം
ആധാരം നോക്കിയാണ് ഭൂമി വഖഫാണോ, അല്ലയോ എന്ന് പറയേണ്ടതെന്ന വാദം കഴിഞ്ഞ ദിവസം സമസ്ത നേതാക്കൾ ഉയർത്തിയിട്ടുണ്ട്. തീർപ്പു കൽപ്പിക്കേണ്ടത് സംഘടനകളോ വ്യക്തികളോ അല്ലെന്ന ചൂണ്ടിക്കാട്ടൽ മുസ്‌ലിം ലീഗിനെക്കൂടി ലക്ഷ്യമിട്ടാണ്. ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മിറ്റിക്കു കൈമാറിയ ഭൂമിയുടെ ആധാരത്തിൽ വഖഫ് എന്ന് എഴുതിയിട്ടുണ്ടെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ ചൂണ്ടിക്കാട്ടുന്നു. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നതിൽ ആർക്കും തർക്കമില്ല. ഏതു സാഹചര്യത്തിലാണ് ഭൂമി നഷ്ടപ്പെട്ടതെന്നത് കൃത്യമായി പരിശോധിക്കണം. ഇതിൽ ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന്റെ പങ്കും പുറത്തുകൊണ്ടുവരണമെന്നും അബ്ദുസമദ് പൂക്കോട്ടൂർ ആവശ്യപ്പെടുന്നു.
വഖഫ് ഭൂമി തിരിച്ചുകിട്ടാനുള്ള നിയമ പോരാട്ടം നടത്തേണ്ടതിന്റെ ഉത്തരവാദിത്വമുള്ളവരാണ് വഖഫ് ബോർഡ് എന്നും, താത്പര്യങ്ങളുടെയും അഡ്‌ജസ്റ്റ്‌മെന്റിന്റേയും പുറത്ത് പരിഹാരം കാണേണ്ടതല്ല വഖഫ് സ്വത്തെന്നുമാണ് സമസ്ത മുഖപത്രത്തിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നാണ് സമസ്തയുടെ നിലപാടെന്ന് മുശാവറ അംഗം ഉമർ ഫൈസി മുക്കവും വ്യക്തമാക്കിയിരുന്നു. വിവാദമായതോടെ മുഖപത്രത്തിലേത് സമസ്തയുടെ നിലപാടല്ലെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചെങ്കിലും, വിഷയത്തിൽ സമസ്തയിൽ രണ്ടഭിപ്രായം ഉയർന്നതിന് തെളിവാണിത്.
സമുദായത്തിന് അവരുടെ വഖഫ് സ്വത്തുക്കൾ തിരിച്ചുകിട്ടിയേ പറ്റൂ എന്നാണ് കാന്തപുരം സുന്നികളുടെ മുഖപത്രത്തിൽ ഞായറാഴ്ച പ്രസിദ്ധീകരിച്ച ലേഖനം ആവശ്യപ്പെട്ടത്. വഖഫ് സ്വത്താണെന്ന് അറിയാതെ ഭൂമി വാങ്ങി കബളിപ്പിക്കപ്പെട്ടവർക്ക് നീതി ലഭ്യമാക്കണം. വഖഫ് വിറ്റ് കാശാക്കിയവരിൽ നിന്ന് പണം തിരിച്ചുപിടിച്ചാൽ മാത്രമേ പ്രശ്നം ശാശ്വതമായി അവസാനിക്കൂ എന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
വാക്കിൽ പോരാ,
വിട്ടുവീഴ്ച
നിലവിലെ സാമൂഹിക സാഹചര്യം കൂടുതൽ കലുഷിതമാക്കാനേ അവകാശവാദം വഴിയൊരുക്കൂ എന്ന ചിന്താഗതിക്കാണ് മുസ്‌ലിം സംഘടനകൾക്കിടയിൽ മേൽക്കോയ്മ. ഭൂമി നഷ്ടപ്പെട്ടതിൽ ഫാറൂഖ് കോളേജ് മാനേജ്മെന്റിന്റെ പിടിപ്പുകേടും ചൂണ്ടിക്കാട്ടുന്നുണ്ട്. മറ്റ് വഖഫ് സ്വത്തുക്കളുടെ കാര്യത്തിൽ കൃത്യമായ സംരക്ഷണമൊരുക്കുമെന്നത് മുഖ്യമന്ത്രിയിൽ നിന്ന് ഉറപ്പാക്കി, മുനമ്പത്തിൽ വിട്ടുവീഴ്ചയെന്ന അഭിപ്രായം സംഘടനകൾക്കിടയിലുണ്ട്.
മുനമ്പത്തെ പ്രദേശവാസികളുടെ ഭൂമിയിൽ മാത്രം വിട്ടുവീഴ്ച മതിയെന്നും റിസോർട്ടുകൾ ഉൾപ്പെടെ വൻകിടക്കാരുടെ കാര്യത്തിൽ ഈ നിലപാട് വേണ്ടെന്ന ചർച്ചയും ഉയരുന്നുണ്ട്. നേതാക്കൾക്കിടയിൽ ഭിന്നസ്വരം ഉയരുമ്പോഴും സമവായമെന്ന നിർദ്ദേശം മതസംഘടനകൾ അംഗീകരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ലീഗ് നേതൃത്വം. ലത്തീൻ അതിരൂപതയുമായി ചർച്ചയെന്ന നിർണായക നീക്കത്തിലേക്കു കടക്കാൻ ലീഗിന് ആത്മവിശ്വാസമേകുന്നതും ഈ പ്രതീക്ഷയാണ്.