vvvvv

മലപ്പുറം: സംസ്ഥാന സ്കൂൾ കായികമേളയിൽ അഭിമാനകരമായ കുതിപ്പ് നടത്തുമ്പോഴും ജില്ലയിലെ പല സർക്കാർ സ്കൂളുകളിലും കായികാദ്ധ്യാപരില്ല. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 526 സ്കൂളുകൾ ഉള്ളപ്പോൾ ഇവിടങ്ങളിൽ 304 കായികാദ്ധ്യാപകരാണ് ഉള്ളത്. 222 അദ്ധ്യാപകരുടെ കുറവുണ്ട്. ഹയർസെക്കൻഡറി,​ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളുകളിൽ ഫിസിക്കൽ ട്രെയ്നിംഗ് പിരിയഡ് (പി.ടി)​ ഇല്ലാത്തതിനാൽ കായികാദ്ധ്യാപക തസ്തികയില്ല. യു.പി വിഭാഗത്തിലാണ് കായികാദ്ധ്യാപകരുടെ എണ്ണം ഏറ്റവും കുറവ്. 324 യു.പി സ്കൂളുകളിലായി ആകെ 109 കായികാദ്ധ്യാപകരേ ഉള്ളൂ.

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായിക മേളയിൽ അത്‌ലറ്റിക് ഇനങ്ങളിൽ മലപ്പുറമാണ് ഓവറോൾ ചാമ്പ്യൻപട്ടം ചൂടിയത്. ചെറിയ ക്ലാസ് മുതൽ കായിക പരിശീലനത്തിന് പ്രത്യേകം പ്രാധാന്യമേകുന്ന ഏതാനം സ്കൂളുകളുടെ മികവിലാണ് ഈ മുന്നേറ്റം. സ്വകാര്യ,​ എയ്ഡഡ് സ്കൂളുകളാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്. കായികാദ്ധ്യാപകരുടെയും സൗകര്യങ്ങളുടെയും കുറവാണ് പല സർക്കാർ സ്കൂളുകൾക്കും വിനയാകുന്നത്. കായികാദ്ധ്യാപകർ ഇല്ലാത്ത സ്കൂളുകളിൽ കായികമേള പോലും ചടങ്ങിന് നടത്തുന്നത് പോലെയാവുന്നുണ്ട്. കായിക ഇനങ്ങളുടെ നിയമാവലിയിൽ ഉൾപ്പെടെ ഇതര വിഷയങ്ങളിലെ അദ്ധ്യാപകർക്ക് അവഗാഹമുണ്ടാവില്ല. പലപ്പോഴും കായികാദ്ധ്യാപകരില്ലാത്ത സ്കൂളുകളിൽ നിന്ന് സബ് ജില്ലാതല മേളകളിലേക്ക് എത്തുന്ന കുട്ടികൾ പിന്തള്ളപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്.

പി.ടി എന്നാൽ ഫ്രീ പിരിയ‌ഡ്

കായികാഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് പ്രൈമറി തലം മുതൽ പരിശീലനം നൽകുന്നതിലൂടെ മികച്ച താരങ്ങളെ വളർത്തിയെടുക്കാനാവും എന്നിരിക്കെ കായികാദ്ധ്യാപകരുടെ കുറവ് മൂലം ഇതിന് സാധിക്കുന്നില്ല. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ കായിക പഠനത്തിന് പ്രത്യേകം സിലബസ് ഉണ്ടെങ്കിലും മിക്ക സർക്കാർ സ്കൂളുകളിലും ഇതുപ്രകാരം പരിശീലനം നൽകുന്നില്ല. കുട്ടികളുടെ ബാഹുല്യവും അദ്ധ്യാപകരുടെ എണ്ണക്കുറവും മൂലം പല സ്കൂളുകളിലും ഫ്രീ പിരിയഡ് പോലെയാണ് പി.ടി പിരിയഡിനെ കാണുന്നത്. മൈതാനങ്ങൾ,​ കായിക ഉപകരണങ്ങളുടെ കുറവ് അടക്കം ഇതിന് കാരണമാണ്. എൽ.പി സ്കൂളുകളിൽ കായാകാദ്ധ്യാപക തസ്തിക തന്നെയില്ല.