malappuram
അഗ്നിരക്ഷാ സേനാംഗങ്ങൾ കിണറ്റിലിറങ്ങി കാളയെ ബെൽറ്റ് ധരിപ്പിക്കുന്നു.

വേങ്ങര: കണ്ണമംഗലം പഞ്ചായത്തിൽ ചേറൂരിൽ കിണറിൽ വീണ കാളയ്ക്ക് രക്ഷകരായി മലപ്പുറം അഗ്നിരക്ഷ സേന. ചേറൂർ കണ്ണോത്ത് വീട്ടിൽ സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള വീട്ടുവളപ്പിലെ കിണറിലാണ് ചൊവ്വാഴ്ച വൈകിട്ട് നാലോടെ കാള വീണത്. സമീപത്തെ ഫാമിലേക്ക് കൊണ്ടുവന്ന കാള ലോറിയിൽ നിന്ന് ഇറക്കുമ്പോൾ വിരണ്ടോടി 25 അടിയോളം താഴ്ചയുള്ള കിണറിൽ വീഴുകയായിരുന്നു. അഗ്നി രക്ഷാസേനയിലെ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ.പ്രതീഷ് കുമാറും ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അബ്ദുൽ ജബ്ബാറും കിണറ്റിലിറങ്ങി കാളയെ ബെൽറ്റ് ധരിപ്പിച്ച് മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ മുകളിലേക്ക് വലിച്ചു കയറ്റി. കിണറിൽ രണ്ടാൾ പൊക്കത്തിൽ വെള്ളമുണ്ടായിരുന്നു. ഒരടിയോളം പൊക്കത്തിൽ വെട്ടുകല്ലുകൾ ഉപയോഗിച്ച് ആൾമറയുള്ള കിണറിന്റെ അടിവശത്ത് ചുറ്റിലും രണ്ടുമീറ്ററോളം ഉള്ളിലേക്ക് മണ്ണിടിച്ചിൽ ഉണ്ടായി ഏതുസമയവും ഇടിഞ്ഞു വീഴാമെന്ന സ്ഥിതിയുമുണ്ടായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പോൾ വർഗീസിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ.സി.മുഹമ്മദ് ഫാരിസ്, നിപുൻ, രാഹുൽ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർ വി.എസ്.അർജുൻ, ഹോം ഗാർഡ് അശോക് കുമാർ, വേണഗോപാലൻ, സി.രാജേഷ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു