sandeep

മലപ്പുറം: പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് ദിവസം സമസ്‌ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് സന്ദീപ് വാര്യർ. പി.സരിന് വോട്ട് തേടി സന്ദീപ് വാര്യർക്കെതിരെ സി.പി.എം സമസ്ത മുഖപത്രത്തിൽ പരസ്യം നൽകിയ വിവാദങ്ങൾക്കിടെ ഇന്നലെ രാവിലെ എട്ടോടെയായിരുന്നു കിഴിശ്ശേരിയിലെ വീട്ടിലെത്തിയുള്ള കൂടിക്കാഴ്ച. ഇന്ത്യൻ ഭരണഘടനയുടെ കൈയെഴുത്ത് പതിപ്പ് ജിഫ്രി തങ്ങൾക്ക് കൈമാറി.

വിദ്യാഭ്യാസ രംഗത്തും ആത്മീയ രംഗത്തും സൂര്യതേജസായി നിൽക്കുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് കൂടിക്കാഴ്ചക്കു

ശേഷം സന്ദീപ് വാര്യർ പറഞ്ഞു. സമസ്തയുടെ സംഭാവനകൾ കേരളത്തിന്റെ ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തുന്നതാണ്. . ജിഫ്രി തങ്ങളുടെ അനുഗ്രഹം തന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സഹായകമാകുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

മതസൗഹാർദത്തിന് ഊന്നൽ നൽകുന്ന സംഘടനയാണ് സമസ്തയെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള വിഭാഗീയത വളർത്തുന്നതിൽ സമസ്ത പങ്കുവഹിച്ചിട്ടില്ല. തുറന്ന പുസ്തകമാണ് സമസ്തയുടെ ചരിത്രം. മതസൗഹാർദം ഊട്ടിയുറപ്പിക്കുന്ന എല്ലാ മാർഗങ്ങളും സമസ്ത പിന്തുടരും. അതിന്റെ ഭാഗമായാണ് സന്ദീപ് വാര്യർ തന്നെയും സാദിഖലി തങ്ങളെയും കണ്ടത്. രാജ്യത്ത് ആർക്കും അവർക്കിഷ്ടമുള്ള ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിലും ചേരാം.ബി.ജെ.പിയിൽ നിന്ന് മാറാനുള്ള തീരുമാനം സന്ദീപ് വാര്യരുടേതാണ്. കോൺഗ്രസ് അദ്ദേഹത്തെ സ്വീകരിച്ചു. പത്രത്തിൽ ആര് പരസ്യം കൊടുത്താലും സ്വീകരിക്കുമെന്നും, അതിൽ കൂടുതലൊന്നും പറയാനില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.