
കൊച്ചി മുനമ്പത്തേത് വഖഫ് ഭൂമി തന്നെ എന്നതിൽ സംശയമില്ല. ആധാരത്തിൽ ഇക്കാര്യം വ്യക്തമായുണ്ട്. സർക്കാർ നിയോഗിച്ച നിസാർ കമ്മിഷൻ റിപ്പോർട്ടും തുടർന്നുള്ള കോടതി വിധികൾ ഉൾപ്പെടെ പല കാര്യങ്ങളും ഇത് തെളിയിക്കാൻ മുന്നിലുണ്ട്. ഇക്കാര്യങ്ങൾ സർക്കാരും ഉദ്യോഗസ്ഥരും പരിശോധിച്ച ശേഷമാവണം വഖഫ് ഭൂമി വിഷയത്തിൽ അന്തിമ തീർപ്പ് കൽപ്പിക്കേണ്ടത്. ആധാരം വായിച്ചപ്പോൾ ഞാൻ മനസിലാക്കിയത് അത് വഖഫ് ആണെന്നാണ്. വഖഫ് സ്വത്ത് വിൽക്കാനോ കൊടുക്കാനോ ദാനം ചെയ്യാനോ പാടില്ലെന്നാണ് ഇസ്ളാമിക നിയമം.
വഖഫ് സ്വത്ത് ലഭിച്ച ഫാറൂഖ് കോളേജ് മാനേജ്മെന്റ് കമ്മിറ്റി തന്നെയാണ് കുറേ ഭാഗങ്ങൾ വില്പന നടത്തിയതെന്ന് പറയപ്പെടുന്നുണ്ട്. വഖഫ് എങ്കിൽ അത് വഖഫായി തന്നെ നിലനിർത്തണം എന്നിരിക്കെയാണ് ഈ നടപടി.
മുനമ്പത്തെ പണം കൊടുത്ത് ഭൂമി വാങ്ങിയവരാണ് പലരും. ഫാറൂഖ് കോളേജ് മാനേജ്മെന്റ് കമ്മിറ്റിക്ക് പണം നൽകിയാണ് ഭൂമി വാങ്ങിയതെങ്കിൽ മാനേജ്മെന്റ് കമ്മിറ്റിയെക്കൊണ്ടു തന്നെ അതിന് പരിഹാരമുണ്ടാക്കണം. അവിടെ ഭൂമി വാങ്ങിയവരും കുടിയേറ്റക്കാരും നിരപരാധികളും വഞ്ചിക്കപ്പെട്ടവരുമാണ്. അവരുടെ പ്രശ്നം ആ നിലയ്ക്കു തന്നെ പരിഹരിക്കണം. വഞ്ചിച്ചവരെക്കൊണ്ടുതന്നെ നഷ്ടം നികത്തണം. എന്നിട്ട്, ഭൂമി വഖഫായി തന്നെ നിലനിർത്തുന്നതാണ് നീതി. ഇസ്ളാമിക നിയമമാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. ആര് അക്കാര്യം ചർച്ച ചെയ്താലും അതിൽ മറ്റൊന്നിനും വകയില്ല.
വഖഫ് ഭൂമി തിരിച്ചുപിടിക്കാൻ കുടുംബത്തിന് അവകാശമുണ്ടെന്ന് ആധാരത്തിൽ പറയുന്നതിന്റെ ഉദ്ദേശ്യം തെറ്റായി വ്യാഖ്യാനിക്കുന്നുണ്ട്. പല വഖഫ് സ്വത്തുക്കളും കൈകാര്യം ചെയ്യാൻ ഒരു സമിതിയെയോ അല്ലെങ്കിൽ ഏതാനും ആളുകളേയോ വഖഫ് സ്വത്ത് നൽകുന്ന ആൾ ചുമതലപ്പെടുത്താറുണ്ട്. മുനമ്പം ഭൂമി കൈകാര്യം ചെയ്യാൻ കോളേജ് കമ്മിറ്റിയെ ആണ് ചുമതലപ്പെടുത്തിയത്. ഭൂമിയിൽ നിന്നുള്ള ആദായമെടുത്ത് കോളേജിന്റെ ചെലവുകൾക്ക് ഉപയോഗിക്കണം എന്നാണ് വഖഫിൽ പറഞ്ഞിട്ടുള്ളത്.
ഇത്തരത്തിൽ കൈകാര്യം ചെയ്യാൻ ആളില്ലാതെ വരികയോ, കോളേജ് കമ്മിറ്റിയിൽ കലഹമുണ്ടാവുകയോ, സ്ഥാപനം സർക്കാർ ഏറ്റെടുക്കുകയോ ചെയ്താൽ വഖഫ് ചെയ്ത സ്വത്ത് നോക്കി നടത്തേണ്ടത് എങ്ങനെ എന്നതാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്. കോളേജ് കമ്മിറ്റി ഇല്ലാതായാൽ വഖഫ് സ്വത്ത് തിരിച്ചേൽപ്പിച്ചാൽ മതിയെന്നും അത് കുടുംബം തന്നെ നോക്കി നടത്താൻ തയ്യാറാണെന്നുമുള്ള അർത്ഥത്തിലാണ് അക്കാര്യം പറഞ്ഞിട്ടുള്ളത്. ആധാരത്തിൽ തിരിച്ചേൽപ്പിക്കണം എന്ന നിബന്ധന ഉണ്ടെന്നു ചൂണ്ടിക്കാട്ടി വഖഫ് സ്വത്ത് അല്ലെന്നു പറയുന്ന വാദം ശരിയല്ല. ഇസ്ളാമിക നിയമപ്രകാരം ആധാരം വഖഫ് തന്നെയാണ്. അത് വഖഫ് അല്ലെന്നു വരുത്താൻ വേണ്ടിയാണ് മറ്റു വ്യാഖ്യാനങ്ങൾ നടത്തുന്നത്.
വഖഫ് അല്ലെന്ന് പണ്ഡിതർ ഫത്‌വ ഇറക്കട്ടെ
അബ്ദുസമദ് പൂക്കോട്ടൂർ
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി
മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്നതുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. കോടതി വിധി, അന്നത്തെ എൽ.ഡി.എഫ് സർക്കാറിന്റെ തീരുമാനം, നിസാർ കമ്മിഷന്റെ കണ്ടെത്തൽ എന്നിവയെല്ലാം വഖഫ് ഭൂമിയാണെന്നാണ് പറയുന്നത്. എന്നാൽ വഖഫ് സ്വത്ത് ലഭിച്ച ഫാറൂഖ് കോളേജ് മാനേജ്മെന്റ് കമ്മിറ്റി പറയുന്നത് ഗിഫ്റ്റ് ആണെന്നും. ഭൂമിയുടെ ആധാരപ്രകാരം ഇസ്ളാമികമായി ഒരു പുനർവിചിന്തനത്തിന് പഴുതുണ്ട്. കാരണം ഒരുവസ്തു വഖഫ് ചെയ്തു കഴിഞ്ഞാൽ തിരിച്ചെടുക്കാൻ പാടില്ല, അനുമതിയുമില്ല. പക്ഷേ മുനമ്പം ഭൂമിയുടെ ആധാരത്തിൽ ഒരു പ്രധാന കാര്യം പറയുന്നുണ്ട്. കോളേജിനു നൽകിയ വഖഫ് എന്ന് ആധാരത്തിൽ പറയുന്നുണ്ടെങ്കിലും അത് ഇസ്‌ലാമികപരമാകാൻ ചില നിബന്ധനകളുണ്ട്.
ആധാരത്തിലെ ഒരു വാചകം ഇങ്ങനെ: ഫാറൂഖ് കോളേജിന്റെ വിദ്യാഭ്യാസത്തിനല്ലാതെ മറ്റൊരു ആവശ്യങ്ങൾക്കും ഭൂമി ഉപയോഗിക്കാൻ അവകാശമില്ല! വഖഫ് ചെയ്ത വ്യക്തി ഇതിനുശേഷം നൽകിയ വാചകം വളരെ പ്രധാന്യമുള്ളതാണ്. ഏതെങ്കിലും കാലത്ത് കോളേജ് ഇല്ലാതാവുകയും, വഖഫ് ചെയ്യപ്പെട്ട സ്വത്തുക്കൾ ശേഷിക്കുകയും ചെയ്താൽ ഈ വസ്തുവകകൾ മടക്കിയെടുക്കാൻ തനിക്കും പിന്തുടർച്ചാ അവകാശികൾക്കും അധികാരം ഉണ്ടായിരിക്കും! മറ്റേതെങ്കിലും സ്ഥാപനത്തിന് വഖഫ് സ്വത്ത് ഉപയോഗിക്കാൻ കൊടുക്കണമെന്നല്ല പറയുന്നത്. കുടുംബത്തിന് തിരിച്ചെടുക്കാൻ അവകാശമുണ്ടെന്ന നിബന്ധന വച്ചുകഴിഞ്ഞാൽ ഇസ്ളാമിൽ വഖഫ് ആവില്ല എന്ന പ്രശ്നമുണ്ട്.
ഇക്കാര്യത്തിൽ പണ്ഡിതന്മാർ ഒരു ഫത്‌വ കൊടുക്കേണ്ടതുണ്ട്. ഈ നിബന്ധന ഉള്ളതിനാൽ അത് വഖഫ് അല്ല എന്ന് പണ്ഡിതസഭ ഫത്‌വ നല്കിയാൽ പ്രശ്നം അവസാനിക്കും. പണംകൊടുത്തു വാങ്ങിയ ഭൂമിയിൽ അവർക്ക് താമസിക്കാം. അതുകൊണ്ടാണ് പണം കൊടുത്ത് വാങ്ങിയവരെ ഒഴിവാക്കാൻ കഴിയില്ലെന്ന കാര്യം ഇടയ്ക്കിടെ ക്ലോസിട്ട് ഞങ്ങൾ പറയുന്നത്. അതെങ്ങനെ എന്നു ചോദിക്കുന്നവരോട്, ആധാരം നോക്കിയാൽ മതിയെന്നാണ് പറയാനുള്ളത്. വഖഫ് ചെയ്ത ഒരു ഭൂമി പിന്നീട് അവകാശികൾക്ക് തിരിച്ചു വേണമെന്ന് സാധാരണ പറയാൻ പാടില്ല.
ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് പറയുന്നത് വഖഫല്ല, ദാനം കിട്ടിയ ഭൂമിയാണ് എന്നാണ്. ഇക്കാര്യത്തിൽ ഇനി തീർപ്പു കൽപ്പിക്കേണ്ടത് പണ്ഡിതന്മാരാണ്. അതേസമയം, കോടതിയും സർക്കാരും നിസാർ കമ്മിഷനും മുനമ്പത്തേത് വഖഫാണെന്ന് പറഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തിൽ ചില പ്രയാസങ്ങളും മുന്നിലുണ്ട്. നാട്ടിലെ നീതിന്യായ സംവിധാനവും സർക്കാരുമെല്ലാം അങ്ങനെ പറയുമ്പോൾ ഒറ്റയടിക്ക് വഖഫ് അല്ലെന്നു പറയാൻ കഴിയില്ല. അതേസമയം ഇസ്‌ലാമിക ദൃഷ്ടികോണിൽ ചിന്തിച്ചാൽ ഭൂമി തിരിച്ചെടുക്കാം എന്ന ക്ലോസ് വച്ചതോടു കൂടി, അത് വഖഫ് ആണോ എന്നത് പണ്ഡിതന്മാർ മുഖേനെ പരിശോധിക്കപ്പെടേണ്ടതാണ്.