
തിരൂർ: മലപ്പുറം ജില്ലയിൽ വാഹനാപകടങ്ങളിൽ മരിക്കുന്നവരിൽ നല്ലൊരു പങ്കും 30 വയസിന് താഴെയുള്ള യാത്രക്കാരെന്ന് കണക്കുകൾ. ജില്ലയിൽ കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്ത 26 അപകടങ്ങളിൽ 23ഉം ഇരുചക്ര വാഹന അപകടങ്ങളാണ്. മരിച്ചവരിൽ കൂടുതലും 30 വയസിന് താഴെയുള്ളവരും.
സി.സി കൂടിയ ബൈക്കുകളാണ് പുതുതലമുറയ്ക്ക് ഹരം. കമ്പനികൾ നിരത്തിലിറക്കുന്നതിൽ കൂടുതലും ഇത്തരത്തിലുള്ളവയാണ്. അമിത വേഗതയും നിയന്ത്രിച്ചാൽ കിട്ടാത്ത സംവിധാനത്തിലുമുള്ള ബൈക്കുമായി അശ്രദ്ധയിലുള്ള ഡ്രൈവിംഗ് അപകടങ്ങൾ വിളിച്ചുവരുത്തുന്നു.ഹെൽമെറ്റ് ധരിക്കാത്തതും വാഹനം ഓടിക്കുന്നതിനിടെ മൈബൈൽ ഫോൺ ഉപയോഗിക്കുന്നതും ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് വാഹനമോടിക്കുന്നതും അപകടങ്ങൾക്ക് ആക്കംകൂട്ടുന്നു.
മൊബൈൽ ഫോണിൽ വീഡിയോ കോൾ,ആപ്പുകൾ ഓപ്പണാക്കി അത് നോക്കി വാഹനം ഓടിക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. റോഡുകളിലെ കുണ്ടും കുഴിയും രാത്രി സമയങ്ങിൽ ഇരുചക്ര വാഹനങ്ങളും മറ്റും അപകടത്തിൽ പെടാൻ ഇടയാക്കുന്നു.
കോളേജ് വിദ്യാർത്ഥികൾ ലൈസൻസെടുക്കും മുൻപ് തന്നെ ഇരുചക്ര വാഹനങ്ങളുപയോഗിക്കുന്നത് വർദ്ധിക്കുന്നുണ്ട്.
യുവാക്കളുടെ അശ്രദ്ധമൂലമുള്ള ഡ്രൈവിംഗ് കാൽ നടയാത്രക്കാരുടെ ജീവനുപോലും ഭീഷണിയാണ്. പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിൽ റോഡുകളിൽ പരിശോധനയും ബോധവത്കരണ ക്ലാസുകളും നടക്കുമ്പോഴും അപകടങ്ങളിൽ കുറവ് വരാത്തത് അധികൃതരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.