
മലപ്പുറം: നാളികേര വില കുതിക്കുമ്പോൾ നേട്ടം കൊയ്യുന്നത് കർണാടകയും തമിഴ്‌നാടും. കേരളത്തിൽ തെങ്ങ് കുറഞ്ഞതും ഉത്പാദനം ഇടിഞ്ഞതുമാണ് തിരിച്ചടിയായത്. കേന്ദ്ര നാളികേര വികസന ബോർഡിന്റെ കണക്കെടുപ്പിൽ നാളികേര ഉത്പാദനത്തിൽ കർണാടകയ്ക്കും തമിഴ്‌നാടിനും പിന്നിൽ മൂന്നാമതാണ് കേരളം. 726കോടി തേങ്ങ കർണാടകവും 578കോടി തമിഴ്‌നാടും വിളവെടുക്കുമ്പോൾ കേരളത്തിന്റേത് 564കോടിയാണ്.
കേരളത്തിൽ തെങ്ങ് കൃഷിയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. 2000-01ൽ 9.2ലക്ഷം ഹെക്ടർ ഉണ്ടായിരുന്നെങ്കിൽ നിലവിൽ 7.68ലക്ഷം ഹെക്ടറായി ചുരുങ്ങി. അതേസമയം,ഇക്കാലയളവിൽ 3.33ലക്ഷം ഹെക്ടറിൽ നിന്ന് കർണാടക 7.33ലക്ഷം ഹെക്ടറിലേക്ക് കൃഷി ഉയർത്തി. തമിഴ്‌നാട്ടിൽ 3.23ലക്ഷം ഹെക്ടറിലുണ്ടായിരുന്ന തെങ്ങ് ഇപ്പോൾ 4.96 ഹെക്ടറായി. വിലയിടിവ്,തേങ്ങ പറിക്കാനുള്ള കൂലിച്ചെലവ്,വളങ്ങളുടെ വില വർദ്ധനവ് എന്നിവയാണ് കേരളത്തിലെ കർഷകരെ അകറ്റിയത്. കേരളത്തിലേക്ക് വെളിച്ചെണ്ണയും കൊപ്രയും പ്രധാനമായും എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്.
തൈകൾ കിട്ടാനില്ല
ഹെക്ടറൊന്നിന് 9,030 നാളികേരമാണ് കേരളത്തിലെ വിളവ്. തെങ്ങ് ഒന്നിന് പ്രതിവർഷം 51 നാളികേരവും. തമിഴ്‌നാട്ടിൽ 12,225 നാളികേരമാണ് ഒരു ഹെക്ടറിലെ വിളവ്. അതും അത്യുത്പാദന ശേഷിയുള്ളവ. കേരളത്തിൽ 90 ശതമാനത്തോളം ഉയരം കൂടിയ നാടൻ ഇനത്തിൽപ്പെട്ട തെങ്ങുകളാണുള്ളത്. പ്രായാധിക്യവും കീടരോഗബാധയും കൊണ്ട് ഉത്പാദനക്ഷമത തീരെ കുറവ്. കൃഷി വകുപ്പിന്റെ തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി നല്ല തൈകളുടെ ലഭ്യതക്കുറവ് മൂലം ഫലപ്രദമല്ല. ഒരുവർഷം 30 ലക്ഷത്തോളം തൈകൾ ആവശ്യമുള്ളപ്പോൾ കൃഷി വകുപ്പ്,സി.പി.സി.ആർ.ഐ,കാർഷിക സർവകലാശാല,നാളികേര വികസന ബോർഡ് എന്നിവയുടെ നഴ്സറികളിൽ പത്ത് ലക്ഷം തൈകളാണ് ഉത്പാദിപ്പിക്കുന്നത്.
വർഷം.....................തേങ്ങ ഉത്പാദനം (കോടിയിൽ)
2017..................................845.2
2018..................................768.3
2019..................................698
2020..................................694.2
2021..................................552.2
2022..................................562.8
2023..................................564.7
വർഷം...................ഹെക്ടർ
2000........................925.8
2005........................897.8
2010........................788
2015........................770.62
2020........................768.81
നാളികേരത്തിന് കിലോയ്ക്ക് 50-55 രൂപയാണ്.