nnnnnnn

മലപ്പുറം: ജില്ലാ പഞ്ചായത്തിന് കീഴിൽ ആതവനാട്ട് പ്രവർത്തിക്കുന്ന ജില്ലാ പൗൾട്രി ഫാമിലെ കോഴികൾക്ക് തീറ്റ കൊടുത്ത വകയിൽ 65 ലക്ഷം രൂപ കുടിശ്ശികയായതോടെ കോഴിത്തീറ്റ വിതരണം മുടങ്ങും. തിരുവാഴാംകുന്നിലെ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ജില്ലാ പഞ്ചായത്ത് പൗൾട്രി ഫാമിലേക്ക് കോഴിത്തീറ്റ വാങ്ങുന്നത്. 2023 ൽ 27 ലക്ഷം രൂപയും 2024ൽ 38.61 ലക്ഷം രൂപയുമടക്കം 65.52 ലക്ഷം രൂപയാണ് കോഴി തീറ്റ വിതരണം ചെയ്ത വകയിൽ കൊടുക്കാൻ ബാക്കിയുള്ളത്. കുടിശ്ശിക നൽകാതെ ഇനി കോഴിത്തീറ്റ നൽകാൻ കഴിയില്ലെന്ന് യൂണിവേഴ്സിറ്റി അധികൃതർ ജില്ലാ പൗൾട്രി ഫാം അസിസ്റ്റന്റ് ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. മുട്ടയിടാൻ പ്രായമായ കോഴികളെയും ഇവിടെ നിന്ന് മിതമായ നിരക്കിൽ നൽകുന്നുണ്ട്.

ട്രഷറി നിയന്ത്രണം വില്ലൻ

ഒരുവ‍ർഷത്തേക്ക് തീറ്റയ്ക്ക് വരുന്ന തുക ജില്ലാപഞ്ചായത്ത് ഫണ്ടിൽ നിന്ന് ഒരുമിച്ച് സർവകലാശാലയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്.

മുട്ട ഉത്പാദനത്തിൽ സ്വയംപര്യാപ്തത ഉൾപ്പെടെ ലക്ഷ്യമിട്ട് ആരംഭിച്ച ഫാം ആണ് തീറ്റയുടെ കാര്യത്തിൽ പോലും പ്രതിസന്ധി നേരിടുന്നത്.

സംസ്ഥാനത്തെ മികച്ച പൗൾട്രി ഫാമുകളിൽ മുന്നിലാണ് ആതവനാട്ടേത്.

സർക്കാർ ഫണ്ടുകൾ വെട്ടിക്കുറവ് വരുത്തിയതും ട്രഷറി നിയന്ത്രണം കാരണം അ‍ഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ട്രഷറിയിൽ നിന്ന് മാറ്റി നൽകാതിരുന്നതും മൂലമാണ് വെറ്ററിനറി യൂണിവേഴ്സിറ്റിക്ക് പണം നൽകാൻ കഴിയാതിരുന്നത്. സർക്കാർ നിലപാട് കാരണം മിണ്ടാപ്രാണികളും കഷ്ടത്തിലാവുകയാണ്

എം.കെ. റഫീഖ,

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

75,​000ത്തോളം കോഴിക്കുഞ്ഞുങ്ങളെ വളർത്താൻ ശേഷിയുള്ള ഫാം ആണ് ആതവനാട്ടേത്.