
മലപ്പുറം: തൊഴിലിടങ്ങളിലെ പീഡനങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ എല്ലാ സ്ഥാപനങ്ങളിലും ഇന്റേണൽ കമ്മിറ്റികൾ പ്രവർത്തനക്ഷമമാക്കണമെന്ന് സംസ്ഥാന വനിത കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി നിർദ്ദേശിച്ചു. മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിത കമ്മിഷൻ അദാലത്തിൽ പരാതികൾ പരിഗണിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ.
സർക്കാർ സ്‌കൂളുകളിലും പൊലീസുമായി ബന്ധപ്പെട്ട ഇടങ്ങളിലുമൊന്നും ഇന്റേണൽ കമ്മിറ്റികൾ കാര്യക്ഷമമല്ലെന്നും ഇതിനായി പരിശീലന പരിപാടികൾ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സ്ത്രീകളുടെ സുരക്ഷയ്ക്ക് കോടതി ഉത്തരവുകൾ ലഭ്യമായ ശേഷവും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാവാത്ത സാഹചര്യമുണ്ട്. അക്കാര്യത്തിൽ പൊലീസിന്റെ ശക്തമായ ഇടപെടൽ വേണം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കാരണം നിരവധി സ്ത്രീകൾ ദുരിതം അനുഭവിക്കുന്നു. വിദ്യാസമ്പന്നരായ കുടുംബങ്ങളിൽ പോലും ഇതുണ്ടാകുന്നുവെന്നും ചെയർപേഴ്സൻ ചൂണ്ടിക്കാട്ടി.
അദാലത്തിൽ 56 പരാതികളാണ് പരിഗണനയ്ക്ക് വന്നത്. 12 പരാതികൾ തീർപ്പാക്കി. എട്ടെണ്ണത്തിൽ പൊലീസ് റിപ്പോർട്ട് തേടി. 36 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കാൻ മാറ്റി. ചെയർപേഴ്സന് പുറമെ വനിത കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, മഹിളാമണി എന്നിവർ പരാതികൾ കേട്ടു. അഡ്വ. സുകൃതകുമാരി, വനിത കമ്മിഷൻ ലോ ഓഫീസർ എന്നിവർ സംബന്ധിച്ചു.