
ഒരാളുടെ ജീവിതത്തിന്റെ ഗതി നിർണയിക്കുന്നതിൽ തൊഴിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാൽ യോഗ്യതയുണ്ടായിട്ടും ഇന്ന് പലർക്കും അതിനനുസരിച്ചുള്ള തൊഴിൽ ലഭിക്കുന്നില്ലെന്നതാണ് സങ്കടകരമായ വസ്തുത. കേരളം നേരിടുന്ന വലിയൊരു പ്രതിസന്ധിയായി തൊഴിലില്ലായ്മ മാറിയിരിക്കുകയാണ്. നമ്മുടെ സാമ്പത്തിക പുരോഗതിയെ പുറകോട്ടടിക്കുന്നതിൽ തൊഴിലില്ലായ്മ മുഖ്യപങ്ക് വഹിക്കുന്ന പങ്ക് വലുതാണ്. പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരം 29.9 ശതമാനമാണ് കേരളത്തിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക്. 2023-2024 സമയത്തെ റിപ്പോർട്ടാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 15-29 പ്രായത്തിലുള്ള കേരളത്തിലെ സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ 47.1 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പുരുഷന്മാരിൽ 19.3% മാണ് തൊഴിലില്ലായ്മ നിരക്ക്. മദ്ധ്യപ്രദേശിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ യുവജന തൊഴിലില്ലായ്മ നിരക്ക്. തൊട്ടുപിന്നിൽ ഗുജറാത്ത് ആണ്.
ദേശീയതലത്തിൽ, യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 10.2% ആയി തുടരുന്നു. പുരുഷൻമാരിൽ 9.8 ശതമാനവും സ്ത്രീകളിൽ 11 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. ദേശീയതലത്തിൽ 10.2 ശതമാനമാണ് യുവാക്കളിലെ തൊഴിലില്ലായ്മ. കേരളത്തിന് പുറമെ, ലക്ഷദ്വീപ് (36.2%), ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ (33.6%), നാഗാലാൻഡ്, മണിപ്പൂർ, അരുണാചൽ പ്രദേശ് തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും തൊഴിലില്ലായ്മ നിരക്കിൽ മുന്നിലാണ്. നഗരപ്രദേശങ്ങളിലാണ് കൂടുതൽ തൊഴിലില്ലായ്മ(14.7%), ഗ്രാമപ്രദേശങ്ങളിൽ 8.5% ആണ് നിരക്ക്. കേരളത്തിലെ 15-29 വയസ് പ്രായമുള്ള 31.28% വിദ്യാസമ്പന്നരായ പുരുഷന്മാരും തൊഴിൽരഹിതരായി തുടരുന്നു.
തൊഴിലെവിടെ?
യുവാക്കളുടെ തൊഴിൽ പുരോഗതിയ്ക്കും അഭിലാഷങ്ങൾക്കും അനുസൃതമായ തൊഴിലവസരങ്ങൾ കേരളത്തിൽ കുറവാണ്. ഉന്നത കോഴ്സുകൾ ജയിച്ച് പുറത്തിറങ്ങുന്നവരുടെ നൈപുണ്യക്കുറവ് തൊഴിലില്ലായ്മയുടെ മറ്റൊരു പ്രധാന കാരണമാണ്. പ്രതിവർഷം ഏകദേശം 50,000ത്തോളം പേർ പഠനത്തിനായി പുറം രാജ്യങ്ങളിലേക്ക് പോകുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ വലിയൊരു വിഭാഗവും പഠനശേഷം അവിടെത്തന്നെ ജോലി കണ്ടെത്തി താമസിക്കുകയാണ്. നാട്ടിലെത്തി ജോലി ചെയ്യാൻ ആഗ്രഹിക്കാത്തവരാണ് ഭൂരിഭാഗവും.
കഴിവുളളവർക്ക് മികച്ച ജോലിയും ഉയർന്ന ശമ്പളവും വിദേശരാജ്യങ്ങളിൽ ലഭിക്കുന്നുണ്ട്. കേരളത്തിൽ നിന്നും അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് നമ്മുടെ മാനവ വിഭവ ശേഷിയിൽ വലിയ കുറവ് വരുത്തുകയും സാമൂഹിക - സാമ്പത്തിക പ്രതിസന്ധികൾക്കിടയാക്കുകയും ചെയ്യും. വ്യവസായ മേഖലയിലെ വിദഗ്ദ്ധരുടെ സഹായത്തോടെയുള്ള പാഠ്യപദ്ധതിയും സെമസ്റ്റർ ഇടവേളകളിൽ നിർബന്ധിത പ്രായോഗിക പരിശീലനം തുടങ്ങിയ പരിഷ്‌കരണങ്ങളാണ് വിദഗ്ദ്ധർ ഇതിനായി നിർദ്ദേശിക്കുന്നത്.
ആശ്രയം രക്ഷിതാക്കൾ
കേരളത്തിന്റെ സവിശേഷ സാമൂഹിക സാഹചര്യം തൊഴിലില്ലായ്മ നിരക്കിനെ ബാധിക്കുന്നുണ്ടെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും സാമ്പത്തികകാര്യ വിദഗ്ദ്ധനുമായ ഡി.നാരായണ പറയുന്നത്. രക്ഷിതാക്കളെ ആശ്രയിച്ചു നിൽക്കാൻ താത്പര്യപ്പെടുന്ന കൗമാരക്കാരുടെ എണ്ണം കേരളത്തിൽ കൂടിവരുന്നു. ഈ സൗകര്യമുപയോഗിച്ച് കൗമാരക്കാർ പഠനത്തിനെന്ന പേരിൽ സമയം നീട്ടുകയും ചെയ്യുന്നു. സംസ്ഥാനത്തെ ഉയർന്ന ജനസാന്ദ്രത, വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള സ്ഥലപരിമിതി, അസംസ്‌കൃത വസ്തുക്കളുടെ കുറവും തൊഴിലില്ലായ്മയുടെ കാരണമാണ്.
സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലേറെപ്പേർ കൈപ്പറ്റിയിരുന്ന തൊഴിലില്ലായ്മ വേതനം നിലവിൽ 2,080 പേർക്ക് മാത്രമാണ് ലഭിക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതല്ല ഇതിന് കാരണം. മറിച്ച്, കാൽനൂറ്റാണ്ടായി 120 രൂപയായി തുടരുന്ന മാസശമ്പളം പരിഷക്കരിക്കാത്തത് കൊണ്ടാണ്. പ്രതിവർഷം 12,000 രൂപ കുടുംബ വരുമാനവും പ്രതിമാസം 100 രൂപ വരെ വ്യക്തഗത വരുമാനവും ഉള്ളവർക്ക് മാത്രമാണ് തൊഴിലില്ലായ്മ വേതനം ലഭിക്കുക. ജനറൽ വിഭാഗത്തിൽ 10-ാം ക്ലാസ് ജയിച്ചിരിക്കണം. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് മൂന്ന് വർഷത്തിന് ശേഷമേ വേതനത്തിന് അപേക്ഷിക്കാവൂ. പട്ടിക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 10-ാംക്ലാസ് വിജയിക്കണമെന്ന് നിർബന്ധമില്ല.
നേരത്തെ, തദ്ദേശ സ്ഥാപനങ്ങൾ അംഗീകരിച്ച് വിടുന്ന പട്ടികയിലുള്ളവർക്ക് വരുമാന സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ വേതനം നൽകിയിരുന്നു. വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ അപേക്ഷകരുടെ എണ്ണത്തിലും കുറവ് പ്രകടമായി.
തൊഴിൽ തേടി
കേരളത്തിലേക്ക്
കേരളത്തിൽ തൊഴിലില്ലാത്ത യുവാക്കളുടെ എണ്ണം കൂടുമ്പോഴും ഏറ്റവുമധികം അന്യസംസ്ഥാനത്തൊഴിലാളികൾ തൊഴിൽ അന്വേഷിച്ചെത്തുന്നത് ഇവിടേലാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തിയിട്ടുള്ള തൊഴിലാളികളുടെ എണ്ണം നിലവിൽ 35 മുതൽ 40 ലക്ഷം വരെയാണ്. ബംഗാൾ, അസം, ഒഡീഷ, ബിഹാർ, യു.പി, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, സിക്കിം, മണിപ്പൂർ, നാഗാലാൻഡ് എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഇവരിലേറെയും.
2013ൽ സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കേരളത്തിൽ 25 ലക്ഷം അതിഥിതൊഴിലാളികളുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, കേന്ദ്രസർക്കാർ നിഷ്‌ക്കർഷിക്കുന്ന തൊഴിലില്ലായ്മ എന്നതിന്റെ നിർവചനം കേരളത്തിന് ബാധകമാകില്ലെന്നാണ് കേരള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റ് ചെയർമാൻ ഡോ.എസ്.ഇറുദയരാജൻ പറയുന്നത്. കേരളത്തിൽ തൊഴിലുള്ളത് കൊണ്ടാണല്ലോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം പേർ ഇവിടേക്ക് വരുന്നതെന്നും അദ്ദേഹം ചോദിച്ചു.
തൊഴിലന്വേഷകരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് തിരുവനന്തപുരം ജില്ലയാണ്. ആകെ 4.6 ലക്ഷം പേരാണ് തിരുവനന്തപുരത്ത് നിന്നും രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ മൂന്ന് ലക്ഷം പേർ സ്ത്രീകളും 1.6 ലക്ഷം പേർ പുരുഷന്മാരുമാണ്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന കൊല്ലം ജില്ലയിൽ 3.3 ലക്ഷം പേരാണ് തൊഴിലന്വേഷകരായുള്ളത്. ഏറ്റവും കുറവ് തൊഴിലന്വേഷകരുള്ള ജില്ല കാസർഗോടാണ്. 0.8 ലക്ഷം പേർ മാത്രമേ അവിടെ നിന്നും തൊഴിൽ അന്വേഷകരായി രജിസ്റ്റർ ചെയ്തത്.