മലപ്പുറം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ മൂന്ന് മാസമായി കുടിശ്ശികയായി കിടക്കുന്നു. 1,600 രൂപയാണ് പ്രതിമാസം ലഭിക്കേണ്ടത്. ഇതിൽ 1,300 രൂപ സംസ്ഥാന സർക്കാരിന്റെയും 300 രൂപ കേന്ദ്ര സർക്കാരിന്റെയും വിഹിതമാണ്. കേന്ദ്ര സർക്കാർ വിഹിതവും പലപ്പോഴും മുടങ്ങുന്നുണ്ട്. 2015ലെ സർവേ പ്രകാരം ജില്ലയിൽ 96,447 പേരാണ് ഭിന്നശേഷിക്കാരായുള്ളത്. എന്നാൽ ഇതിൽ എത്ര പേരാണ് പെൻഷൻ വാങ്ങുന്നത് എന്നത് സംബന്ധിച്ച കണക്ക് തദ്ദേശ വകുപ്പിന്റെയോ സാമൂഹ്യനീതി വകുപ്പിന്റെയോ കൈവശമില്ല.
ശാരീരികവും മാനസികവുമായ വൈകല്യമുള്ള കിടപ്പുരോഗികളെ ശുശ്രൂഷിക്കുന്നവർക്ക് ആശ്വാസ കിരൺ പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ മാസവും ലഭിക്കേണ്ട 625 രൂപയും മൂന്ന് വർഷത്തിലധികമായി മുടങ്ങിക്കിടക്കുകയാണ്. വിദ്യാഭ്യാസ ധനസഹായം ഉറപ്പാക്കുന്ന വിദ്യാകിരണം പദ്ധതിയിലേക്ക് കഴിഞ്ഞ വർഷം ജൂണിൽ അപേക്ഷ സമർപ്പിച്ചവരിൽ 60 ശതമാനം പേർക്കും ഇതുവരെയും തുക ലഭിച്ചിട്ടില്ല. അപേക്ഷ സമർപ്പിച്ച് മൂന്ന് മാസത്തിനകമാണ് തുക ലഭിക്കേണ്ടത്.
സമഗ്ര ഭിന്നശേഷി പരിപാലന പദ്ധതിയായ അനുയാത്രയ്ക്ക് 20 കോടിയും കിടപ്പുരോഗികളെ പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നൽകുന്ന 'ആശ്വാസ കിരണം പദ്ധതിക്ക് 50 കോടിയും മാതാപിതാക്കൾ നഷ്ടപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് 17.31 കോടിയുമാണ് കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ചിരുന്നത്.
സാമൂഹ്യ സുരക്ഷാ പെൻഷൻ ഇനിയും വർദ്ധിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവാനാണ് കേരള ഫെഡറേഷൻ ഒഫ് ദി ബ്ലൈൻഡ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.
സമൂഹത്തിൽ ഏറ്റവും കൂടുതൽ പരിരക്ഷ ആവശ്യമുള്ള ഭിന്നശേഷി വിഭാഗത്തിന് ലഭിക്കുന്ന പെൻഷൻ തുക വർദ്ധിപ്പിക്കണം. ഭിന്നശേഷിക്കാരിൽ ഭൂരിഭാഗം പേരുടെയും ഒരേയൊരു ജീവിതോപാധി ഇത്തരം പെൻഷനാണ്.
ഡോ.ഹബീബ്, കേരള ഫെഡറേഷൻ ഒഫ് ദി ബ്ലൈൻഡ് സംസ്ഥാന പ്രസിഡന്റ്