കാളികാവ്: അയൽക്കൂട്ടം വഴി നിലവാരം കുറഞ്ഞ ബൾബുകൾ വിതരണം ചെയ്തു എന്ന പരാതിയിൽ വിജിലൻസ് അന്വേഷണം തുടങ്ങി. കരുവാരക്കുണ്ട് പഞ്ചായത്ത് കുടുംബശ്രീ അയൽക്കൂട്ടങ്ങളിലാണ് നിലവാരം കുറഞ്ഞ ബൾബുകൾ വിതരണം നടത്തിയത്. നിരവധി കുടുംബങ്ങൾ കബളിപ്പിക്കപ്പെട്ടതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് ബോർഡാണ് വിജിലൻസിന് പരാതി നൽകിയത്. 2023 ഏപ്രിലിലാണ് വിവിധ അയൽക്കൂട്ടങ്ങൾ വഴി രണ്ടായിരത്തിലേറെ ബൾബുകൾ വിതരണം ചെയ്തത്. കുടുംബശ്രീയെ ഉപയോഗിച്ച് ഏതൊ സ്വകാര്യ കമ്പനിയുടെ നിലവാരം കുറഞ്ഞ ബൾബാണ് വിതരണം നടത്തിയത്. കുടുംബശ്രീയിലെ ഇടത്തട്ടുകാർക്ക് കമ്മീഷൻ നൽകിയാണ് കുടുംബങ്ങളെ കെണിയിൽ വീഴ്ത്തിയത്. വൈദ്യുതി ഇല്ലെങ്കിലും കത്തുന്ന ഇൻവെർട്ടർ എൽ.ഇ.ഡി ബൾബുകൾ എന്നവകാശപ്പെട്ടാണ് 200 രൂപ നിരക്കിൽ ബൾബുകൾ നൽകിയത്. ഒരു വർഷം വാറന്റിയുണ്ടെന്ന് പറഞ്ഞാണ് വിതരണം ചെയ്തത്. എന്നാൽ, ഒരാഴ്ച കൊണ്ടുതന്നെ പലതും കേടായി. ഏതാനും മാസം പിന്നിട്ടതോടെ പകുതിയിലേറെ ബൾബുകളും ഉപയോഗശൂന്യമായി. ഇതിനെ തുടർന്ന് പരാതിയുമായി ഒട്ടേറെ പേർ കുടുംബശ്രീയിലെത്തി.
എന്നാൽ, ബൾബുകൾ നൽകിയവരെക്കുറിച്ചോ കമ്പനിയെയോ കുറിച്ച് ഒരു വിവരവും കുടുംബശ്രീയുടെ പക്കലുണ്ടായിരുന്നില്ല.
കുടുംബശ്രീ തീരുമാന പ്രകാരമല്ല ബൾബ് വിതരണം ചെയ്തത്. കുടുംബശ്രീയിലെ ചില അംഗങ്ങളുടെ അമിതാവേശമാണ് പലരെയും ബൾബ് കെണിയിൽ കുടുക്കിയത്. കുടുംബശ്രീയെ ഉപയോഗിച്ച് പല തട്ടിപ്പുകളും നേരത്തെ സമീപ പഞ്ചായത്തുകളിലും നടന്നിട്ടുണ്ടെന്നാണ് ആരോപണം.
ബൾബു തട്ടിപ്പിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും ബൾബു നിർമ്മിച്ച കമ്പനിയെ പറ്റി യാതൊരു തെളിവും രേഖയുമില്ലാത്തതിനാൽ കേസ്സെടുക്കാനും സാധിച്ചിട്ടില്ല. പിന്നീട് മാസങ്ങൾ കഴിഞ്ഞാണ് പഞ്ചായത്ത് ബോർഡ് വിജിലൻസിൽ പരാതി നൽകിയത്. വിജിലൻസ് സി.ഐ പി. ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കുടുംബശ്രീ അദ്ധ്യക്ഷ ബിന്ദു ജോസിൽനിന്ന് വിവരങ്ങൾ തേടി. യോഗ മിനിറ്റ്സ് ഉൾപ്പെടെയുള്ള രേഖകളും പരിശോധിച്ചു. റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകുമെന്ന് സി.ഐ അറിയിച്ചു.