bb

കാളികാവ്: 25 ലക്ഷം ചെലവഴിച്ച് കൊട്ടിഘോഷിച്ച് നിർമ്മിച്ച മൾട്ടിപ്ലേസ് തകർന്നു.

അഞ്ചച്ചവിടി ഗവ. ഹൈസ്‌കൂളിന്റെ കണ്ണായ സ്ഥലവും നഷ്ടമായി. നഷ്ടമായ സ്‌കൂളിന്റെ സ്ഥലം തിരിച്ചുപിടിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ജില്ലാ സ്‌പോട്സ് കൗൺസിൽ ഫണ്ടുപയോഗിച്ച് അഞ്ചച്ചവിടിയിൽ നിർമ്മിച്ച സിന്തറ്റിക് കോർട്ടാണ് തകർന്നത്.2014 ലാണ്‌കോർട്ട് നിർമ്മിച്ചത്. അഞ്ചച്ചവിടി ജി.എച്ച്.എസിന്റെ പൊന്നുംവിലയുള്ള സ്ഥലത്താണ്‌കോർട്ട് പണിതത്. ഉദ്ഘാടനം ചെയ്ത് രണ്ടു വർഷം പിന്നിട്ടപ്പോഴേക്കും ചുറ്റുവേലിയും കായികോപകരണങ്ങളും നശിച്ചു.പ്രീ പ്രൈമറി സ്‌കൂളിനോട്‌ ചേർന്ന അങ്ങാടി ഗ്രൗണ്ടിലാണ്‌കോർട്ട് പണിതിട്ടുള്ളത്.ഈ സ്ഥലം സ്‌കൂളിനു തന്നെ തിരികെ കിട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നേരത്തെ നാട്ടുകാരുടെ എതിർപ്പ് മറികടന്നാണ് സ്ഥലം സ്‌പോർട്സ് കൗൺസിലിന്റെ കോർട്ട് നിർമ്മാണത്തിന് അനുവദിച്ചത്. ചിലയാളുകളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ താത്പര്യമാണ് ഇതിന്റെ പിന്നിലെന്ന് ആക്ഷേപമുയർന്നിരുന്നു.
ഇപ്പോൾ നാട്ടുകാർ കൊപ്രയുണക്കുന്നതിനും മറ്റുമാണ്‌ കോർട്ട് ഉപയോഗിക്കുന്നത്.
സ്‌കൂളിന് സ്വന്തമായി മൈതാനമില്ലാത്തതിനാൽ 20 ലക്ഷം രൂപ നാട്ടുകാർ പിരിവെടുത്താണ് സ്ഥലം വാങ്ങിയത്.സ്ഥലം ദുരുപയോഗം ചെയ്തതിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്.
പ്രദേശത്തെ വൻ വികസനമായിട്ടാണ് തൽപ്പരകക്ഷികൾകോർട്ടിനെ കാന്നുന്നത്.
വികസനത്തിന്റെ മറവിൽ കമ്മിഷൻ പറ്റുന്നതിന്‌വേണ്ടിയാണ് കോർട്ട് നിർമ്മിച്ചതെന്ന് ആക്ഷേപമുയർന്നിരുന്നു. ആർക്കും ഒരുപകാരവുമില്ലാതെ കിടക്കുകയാണ് സിന്തറ്റിക്‌കോർട്ട്. അതിനിടെ നിന്നു തിരിയാനിടമില്ലാത്ത സ്‌കൂൾകോമ്പൗണ്ടിൽ നിന്ന് എൽ.പി സ്‌കൂൾ അങ്ങാടി ഗ്രൗണ്ടിലേക്ക് മാറ്റണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.സ്‌പോർട്സ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ വൻ ആഘോഷത്തോടെയാണ് അന്ന്‌കോർട്ട് ഉദ്ഘാടനം ചെയ്തത്.