
മലപ്പുറം: സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ വിമർശനത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിനെ തള്ളി പി.കെ.കുഞ്ഞാലിക്കുട്ടി. സലാം പറഞ്ഞത് മുസ്ലിം ലീഗിന്റെ നിലപാടല്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സാദിഖലി തങ്ങളുമായി സംസാരിച്ചിരുന്നു. സലാം പറഞ്ഞത് പാർട്ടി നിലപാടല്ലെന്ന് പറയാൻ തങ്ങൾ പറഞ്ഞു. ഉന്നത നിലവാരമുള്ള പാർട്ടിയാണ് മുസ്ലിം ലീഗ്. ഇത്തരം പ്രസ്താവനകളെ എതിർക്കും. നേരത്തെ ഉമർ ഫൈസി മുക്കം ഇത്തരം പരാമർശം നടത്തിയപ്പോഴും ലീഗ് എതിർത്തിരുന്നു. സലാം തന്നെ പരാമർശം നിഷേധിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സാദിഖലി ശിഹാബ് തങ്ങൾ കൈവച്ച് അനുഗ്രഹിച്ചയാൾ പാലക്കാട് ജയിച്ചെന്നും മുത്തുക്കോയ തങ്ങൾ അനുഗ്രഹിച്ചയാൾ മൂന്നാം സ്ഥാനത്തായെന്നും മുസ്ലിം സമുദായം ആർക്കൊപ്പമാണെന്ന് ഇതിലൂടെ വ്യക്തമാണെന്നുമായിരുന്നു സലാമിന്റെ പരാമർശം. സംഭവം വിവാദമായതോടെ സലാമും വിശദീകരണവുമായി എത്തി. ജിഫ്രി തങ്ങളെ അപമാനിച്ചു എന്നത് വ്യാജ പ്രചാരണമാണെന്നും മുഖ്യമന്ത്രിക്കെതിരായ വിമർശനമാണ് ജിഫ്രി തങ്ങൾക്കെതിരെ എന്ന് പ്രചരിപ്പിക്കുന്നതെന്നും സലാം പറഞ്ഞു.