പൊന്നാനി : മികച്ച ടൂറിസ്റ്റ് കേന്ദ്രമായുള്ള വളർച്ചയ്ക്കിടെ മാലിന്യസംസ്കരണത്തിൽ പിന്നാക്കം പോയി പൊന്നാനി. പ്രധാന ടൂറിസം കേന്ദ്രമായ ബീച്ചിൽ മാലിന്യക്കൂമ്പാരമാണ്. മൂക്കു പൊത്തി മാത്രമേ ബീച്ചടങ്ങുന്ന ഒന്നാംവാർഡിലൂടെ നടക്കാനാവൂ എന്ന അവസ്ഥയുണ്ട്. പ്ളാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ങ്ങളും കൂടിക്കിടക്കുകയാണിവിടെ.

കെട്ടിക്കിടക്കുന്ന മാലിന്യങ്ങളുടെ സമീപത്തായി മാലിന്യസംരക്ഷണത്തെ കുറിച്ച് ബോധവത്കരിക്കുന്ന നഗരസഭയുടെ അറിയിപ്പ് ബോർഡും കാണാം.

നഗരസഭ ശുചീകരണവിഭാഗത്തിന്റെ പ്രവർത്തനവും ഇവിടെ ഊർജ്ജിതമല്ലെന്ന് ആക്ഷേപമുണ്ട്. അടുത്ത കാലത്തായി പൊന്നാനിയിൽ മലമ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ റിപ്പോർട്ട് ചെയ്തിരുന്നു.

ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കാനെത്തുന്ന തെരുവ് നായ്ക്കളും നാട്ടുകാർക്ക് ഭീതി സൃഷ്ടിക്കുന്നു. ബോട്ടുകൾ നിറുത്തുന്ന പുഴയോര ഭാഗത്തും പ്ളാസ്റ്റിക് മാലിന്യങ്ങളക്കമുള്ളവ കെട്ടിക്കിടക്കുന്നുണ്ട്. സമീപത്തെ കുടിവെള്ള സ്രോതസുകളിലേക്കും മലിനജലമെത്താൻ സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.

മാലിന്യക്കൂമ്പാരത്തിന് അടുത്ത് തന്നെയാണ് പൊന്നാനി മിനി സിവിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. എന്നിട്ടും അധികൃതരുടെ ശ്രദ്ധ ഇങ്ങോട്ടേക്കെത്തിയിട്ടില്ല. മുൻകാലങ്ങളിൽ മാലിന്യങ്ങൾ കടൽ തീരത്ത് കുഴിച്ചിട്ടിരുന്നു. എന്നാൽ ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് ഇത് നടക്കുന്നില്ല. ശുചീകരണതൊഴിലാളികളെ ഫലപ്രദമായി ഉപയോഗിച്ച് മാലിന്യം നീക്കാൻ നഗരസഭയ്ക്കാവുന്നില്ലെന്നും ആക്ഷേപമുണ്ട്.

ശുചീകരണ തൊഴിലാളികളെ കൊണ്ട് നഗരസഭ അധികൃതർ ഡ്രൈവിംഗ് ഉൾപ്പെടെ ഉള്ള മറ്റ് ജോലികൾ ചെയ്യിക്കുകയാണ്. ബീച്ച് പരിസരത്തെ മാലിന്യക്കൂമ്പാരം നീക്കാൻ നഗരസഭ മുൻകൈയെടുക്കണം

ഫർഹാൻ ബിയ്യം

നഗരസഭ പ്രതിപക്ഷ നേതാവ്

ജനങ്ങൾ പരമാവധി മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കണം. ഇതിനായി ശക്തമായ ബോധവത്കരണം നടത്തുന്നുണ്ട്. പഴകിയ മാലിന്യം എടുക്കുന്നതിൽ ശുചീകരണ തൊഴിലാളികൾക്കും പരിമിതിയുണ്ട്.

സജിറൂൺ, നഗരസഭ സെക്രട്ടറി.