
പൊന്നാനി: പൊന്നാനിയിലെ നിരത്തുകളിലെ യുവാക്കളുടെ വാഹനാഭ്യാസം വർദ്ധിക്കുന്നു. ടൂറിസം കേന്ദ്രങ്ങളിൽ ആളൊഴിയുന്ന സമയത്താണ് അഭ്യാസം കൂടുതലും. പൊന്നാനി ബിയ്യം റെഗുലേറ്റർ പരിസരത്ത് പകൽ സമയങ്ങളിലും കർമ്മ റോഡിൽ രാത്രിയുമാണ് അപകടകരമായ രീതിയിൽ വാഹനാഭ്യാസം അരങ്ങേറുന്നത്.
പൊലീസിനെ കണ്ടാൽ ഇക്കൂട്ടർ അമിതവേഗത്തിൽ ചീറിപ്പായുന്നത് മറ്റു യാത്രക്കാർക്കും ഭീഷണിയാണ്.
വാഹനാഭ്യാസങ്ങൾക്കെത്തുന്ന പല ഇരുചക്ര വാഹനങ്ങൾക്കും കൃത്യമായി നമ്പർ പ്ലേറ്റോ രേഖകളോ ഉണ്ടാവാറില്ല. ഇത്തരക്കാരെ പിടികൂടുമ്പോൾ പലർക്കും ലൈസൻസ് പോലും ഉണ്ടാവാറില്ല. കർമ്മ റോഡ് പരിസരത്ത് നിർദ്ദിഷ്ട നിളകലാഗ്രാമം പദ്ധതിക്കായി ലക്ഷ്യമിടുന്ന കെട്ടിടത്തിന്റെ മുൻപിലായി കട്ടവിരിച്ച ഇടങ്ങളിലാണ് രാത്രിയിൽ അഭ്യാസപ്രകടനം നടക്കുന്നത്. പാതയിൽ പലയിടത്തും തെരുവുവിളക്ക് ഇല്ലാത്തതും ഭീഷണിയാണ്. പുലർച്ചെ പ്രഭാത സവാരിക്കിറങ്ങുന്നവർക്കും മത്സര ഓട്ടത്തിനെത്തുന്നവർ ഭീഷണിയാണ്. നിയമ വിരുദ്ധമായ ലൈറ്റ് വാഹനങ്ങളിൽ ഘടിപ്പിച്ചു മ്യൂസിക്കിന്റെ അകമ്പടിയോടെ സാമൂഹ്യമാദ്ധ്യമങ്ങളിൽ വീഡിയോ ഷെയർ ചെയ്യുന്നതിനാണ് അഭ്യാസങ്ങൾ കൂടുതലും.ഇരുചക്രവാഹനങ്ങൾക്ക് പുറമെ കാറുകളിലും മത്സരയോട്ടത്തിനായി ആളുകൾ എത്താറുണ്ട്. കർമ്മ റോഡ് വഴി വലിയ വാഹനങ്ങൾ കടത്തി വിടില്ലെന്ന് നഗരസഭ അധികൃതർ പലപ്പോഴായി പറയാറുണ്ടെങ്കിലും നടക്കാറില്ല. കർമ്മ റോഡിൽ അമിത വേഗത മൂലം അപകടങ്ങൾ സംഭവിക്കുന്നത് പതിവാണ്.
പൊലീസ് ഇവിടങ്ങളിൽ പരിശോധന കർശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സി. സി. ടി.വി സ്ഥാപിക്കുകയും വേഗനിയന്ത്രണ സംവിധാനങ്ങൾ ഒരുക്കുകയും വേണമെന്നും ആവശ്യമുണ്ട്. വിദ്യാലയങ്ങൾക്ക് മുന്നിലും ഇരുചക്രവാഹനങ്ങളിൽ ഷോ കാണിക്കാനെത്തുന്നവരുടെ ശല്യം കൂടുതലാണ്. വിദ്യാലയങ്ങൾ പ്രവർത്തിക്കുന്ന കുറ്റികാട്, തൃക്കാവ് ജംഗ്ഷൻ ഭാഗങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കണമെന്നാണ് ആവശ്യം. അവധി ദിനങ്ങളിൽ അഭ്യാസപ്രകടനക്കാർ ബിയ്യം പാർക്ക്, പുളിക്കകടവ് തൂക്കുപ്പാലം, കർമ്മറോഡ്, ഹാർബർ പാലം എന്നിവിടങ്ങളിലാണ് തമ്പടിക്കുന്നത്