കോട്ടയ്ക്കൽ: മംഗലം കളി, പണിയ നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം...പുതുതായി മത്സര ഇനങ്ങളിൽ ഈ വർഷം ഉൾപ്പെടുന്ന ഗ്രോത നൃത്ത രൂപങ്ങൾ വേദിയിൽ ഇന്നലെ നിറഞ്ഞാടിയപ്പോൾ സദസ്സിനും ആവേശമായി. ഹൈസ്‌കൂൾ, ഹയർ
സെക്കന്ററി വിഭാഗങ്ങളിലായിരുന്നു അരങ്ങേറ്റം. ഗോത്രകലകളെക്കുറിച്ചുള്ള അവബോധം വള
ത്തുന്നതിന്റെ ഭാഗമായാണ് ഇവ മത്സര ഇനങ്ങളായി പരിഗണിച്ചത്. മാവിലാർ, മലവേട്ടുവർ സമുദായ വിവാഹങ്ങളിൽ അരങ്ങേറുന്നതാണ് കല്യാണക്കളി എന്നറിയപ്പെടുന്ന മംഗലം കളി. വയനാട് ജില്ലയിലെ പണിയ വിഭാഗക്കാരുടെ തനത് നൃത്തരൂപമാണ് പണിയ നൃത്തം. ഇടുക്കി ജില്ലയിലെ മലയപ്പുലയൻ ആദിവാസി വിഭാഗത്തിലുള്ളവർ അവതരിപ്പിക്കുന്ന ഗോത്രകലയാണ് മലയപ്പുലയ ആട്ടം. പളിയരുടെ അമ്മ ദൈവമായ എള്ളാത്ത് പളച്ചിയെ സ്തുതിച്ച് കൊണ്ട് അവതരിപ്പിക്കുന്ന ഗോത്രകലയാണ് പളിയ നൃത്തം. ഹൈസ്‌കൂൾ-ഹയർ സെക്കന്ററി വിഭാഗങ്ങളിലായി മംഗലം കളിയിൽ 24 പേരാണ് മത്സരിച്ചത്. പളിയ നൃത്തത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ നാല് പേർ മത്സരിച്ചപ്പോൾ ഹയർ സെക്കന്ററി വിഭാഗത്തിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലയപ്പുല ആട്ടം, പണിയ നൃത്തം എന്നിവയിൽ യഥാക്രമം 14, 19 പേരും മത്സരിച്ചു.ഇത്തവണ പുതുതായി മത്സര ഇനത്തിൽ ഉൾപ്പെടുത്തിയ ഇരുള നൃത്തം ഇന്ന് നടക്കും.