കോട്ടയ്ക്കൽ: സർഗവസന്തം തീർക്കുന്ന രാപ്പകലുമായി 35-ാമത് മലപ്പുറം ജില്ലാ കലാമേളയ്ക്ക് വർണാഭമായ തുടക്കം. കോട്ടയ്ക്കൽ നഗരം ആതിഥേയത്വമരുളിയ കലാഇനങ്ങൾ നിറഞ്ഞ സദസ്സിൽ കൈയ്യടികളോടെയാണ് കാണികൾ വരവേറ്റത്. കേരള നടനം, പൂരക്കളി, പരിചമുട്ട് കളി, യക്ഷഗാനം, കഥകളി സംഗീതം, ചാക്യാർകൂത്ത്, ഓട്ടൻ തുള്ളൽ, തമിഴ് പദ്യം, ബാന്റ് മേളം, തമിഴ് പ്രസംഗം, കന്നഡ പദ്യം, കന്നഡ പ്രസംഗം, നങ്ങ്യാർക്കൂത്ത്, മലപ്പുലയ ആട്ടം, പണിയ നൃത്തം, പളിയ നത്തം, മംഗലം കളി, കഥാരചന, കവിതാ രചന, ഉപന്യാസം, കൊളാഷ്, കാർട്ടൂൺ, ചിത്രരചന, ക്വിസ്, പ്രശ്‌നോത്തരി, സിദ്ധരൂപോച്ചാരണം, ഗദ്യപാരായണം തുടങ്ങി നിരവധി മത്സരങ്ങളാണ് ഇന്നലെ മാറ്റുരച്ചത്.
ജില്ലാ കലാമേള എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കളക്ടർ വി.ആർ.വിനോദ്, കോട്ടയ്ക്കൽ നഗരസഭാ അദ്ധ്യക്ഷ ഡോ.കെ.ഹനീഷ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.മാധവൻകുട്ടി വാര്യർ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ-കലാ-സാംസ്‌കാരിക-പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.