
കോട്ടയ്ക്കൽ: സച്ചിൻ സുനിൽകുമാറിന് ഇത് അവസാന സ്‌കൂൾ കലോത്സവം. അതുകൊണ്ട് തന്നെ സംസ്ഥാന തലത്തിലും ചിലങ്ക ധരിക്കണമെന്നത് അതിയായ ആഗ്രഹമായിരുന്നു. ഒടുവിൽ ഇന്നലെ ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടി ആഗ്രഹം സഫലമായ സന്തോഷത്തിലാണ് സച്ചിൻ. എം.എസ്.പി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയായ സച്ചിൽ ആറാം ക്ലാസ് മുതലാണ് ക്ലാസിക്കൽ നൃത്തം അഭ്യസിക്കാൻ തുടങ്ങിയത്. കലാക്ഷേത്രം അമൽനാഥ് ആണ് ഗുരു.
അമ്പലങ്ങളിൽ വേദികളിൽ ക്ലാസിക്കൽ നൃത്തവുമായി കുട്ടികൾ അരങ്ങിലെത്തുന്നത് കാണാറുള്ള സച്ചിന് നൃത്തം അഭ്യസിക്കണമെന്ന് വലിയ സ്വപ്നമായി മാറിയപ്പോഴാണ് മാതാപിതാക്കളും ആഗ്രഹത്തിനൊപ്പം നിന്നത്. കഴിഞ്ഞ രണ്ട് വർഷവും ഭരതനാട്യം, കുച്ചുപ്പിടി, നാടോടിനൃത്തം മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. കൂട്ടിലങ്ങാടി സ്വദേശിയായ സച്ചിൻ പ്രവാസിയായ സുനിൽ കുമാറിന്റെയും ഉഷയുടെയും മകനാണ്.