
കോട്ടയ്ക്കൽ: മൂകാംബിക ദേവിയെ കുറിച്ച് വർണ്ണിച്ച യദുകൃഷ്ണന് കേരളനടനത്തിൽ ഹാട്രിക് വിജയം. ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിലാണ് മേലാറ്റൂർ ആർ.എം.എച്ച്.എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി യദുകൃഷ്ണൻ മൂന്നാമതും വിജയം കരസ്ഥമാക്കിയത്. ഓരോ വർഷവും ജില്ലാ കലോത്സവ വേദിയിൽ വിജയഗാഥ തീർക്കുന്ന യദുകൃഷ്ണന് തന്റെ വിജയം കാണാൻ അച്ഛൻ കൂടെയില്ലാത്തതിന്റെ ദുഃഖം ഒപ്പമുണ്ട്. യദുകൃഷണന്റെ അച്ഛൻ കളരിക്കൽ ഹരിദാസ് 2012
ൽ ബൈക്ക് അപകടത്തിൽ മരിച്ചിരുന്നു. യദുവിന്റെ മൂന്നാമത്തെ വയസിലായിരുന്നു ഹരിദാസിന്റെ വേർപാട്. പിന്നീട് യദുകൃഷ്ണന്റെ സ്വപ്നങ്ങൾക്ക് നിറം നൽകിയത് അമ്മ ശ്രീവിദ്യയും ചെറിയച്ഛനായ മുരളി കീഴാറ്റൂരുമാണ്. കഴിഞ്ഞ അഞ്ച് വർഷമായി കേരളനടനത്തിൽ പരിശീലനം നൽകുന്നത് മുരളി കീഴാറ്റൂരാണ്.