kavyakeli

കോട്ടക്കൽ: അനിയത്തി ഒന്നാമതെത്തിയതിന് മുഴുവൻ മാർക്കും ചേച്ചിക്കെന്ന് അമ്മ ശ്രീജ. ഹയർ സെക്കൻഡറി വിഭാഗം കാവ്യകേളിയിലാണ് എം.എസ്.എം എച്ച്.എസ്.എസ് കല്ലിങ്ങൽ പറമ്പ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി സി.ശ്രീനന്ദ ഒന്നാമതെത്തിയത്. ശ്രീനന്ദ കവിതകൾ മനോഹരമായി പാടുന്നത് അറിയാവുന്ന സ്കൂളിലെ മലയാളം അദ്ധ്യാപിക ഗീതയാണ് ശ്രീനന്ദയുടെ പേര് കാവ്യകേളി മത്സരത്തിന് നൽകിയത്.

മത്സരത്തിന് നിരവധി കവിതകൾ പഠിക്കേണ്ടതിനാൽ പഠനത്തെ ബാധിക്കുമോ എന്ന ആശങ്കയുള്ളതിനാൽ ആദ്യം ശ്രീനന്ദ താല്പര്യം കാണിച്ചില്ലെങ്കിലും പിന്നീട് മത്സരിച്ചു. സബ്‌ജില്ലാ തലത്തിൽ ശ്രീനന്ദ മാത്രമായിരുന്നു മത്സരാർത്ഥി. ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കൂടുതൽ പരിശീലനം വേണമെന്നതിനാൽ

പാലക്കാട് ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന സഹോദരി ശ്രീലക്ഷ്മി അവധിയെടുത്ത് നാട്ടിലെത്തി കവിത പഠിപ്പിക്കുകയായിരുന്നു. പഴയ മലയാളം പുസ്തകങ്ങളും കവിതാ പുസ്തകങ്ങളും നോക്കിയാണ് കവിതകൾ പഠിപ്പിച്ചെടുത്തത്. പ്രവാസിയായ മുരളീധരനാണ് പിതാവ്.