കോട്ടക്കൽ: ഹൈസ്‌കൂൾ മാർഗംകളിക്ക് പിന്നാലെ നടന്ന ഹയർസെക്കൻഡറി വിഭാഗത്തിന്റെ മാർഗംകളിയിലും മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിന് തന്നെ ഒന്നാം സ്ഥാനം. വേദി രണ്ടിലാണ് മാർഗംകളി അരങ്ങേറിയിരുന്നത്. മത്സരത്തിന്റെ ഊഴത്തിനായി വേദിയുടെ പിറകിൽ കാത്തുനിൽക്കുന്നതിനിടെ മത്സരാർത്ഥികളായ നിയ, അനഘ എന്നീ വിദ്യാർത്ഥിനികളുടെ കാലിൽ കടന്നൽ കുത്തി. കടുത്ത വേദനയിൽ കുട്ടികൾ കരയാൻ തുടങ്ങി. ഉടനെ മെഡിക്കൽ ടീമെത്തി മത്സരാർത്ഥികളെ മെഡിക്കൽ റൂമിലേക്ക് മാറ്റി. തുടർന്ന് ഡോക്ടർമാർ വേദന സംഹാരി നൽകി. ബി.പി പരിശോധിച്ചപ്പോൾ വളരെ കുറവായിരുന്നു. ഇതോടെ മാനസിക സംഘർഷത്തിലായ കുട്ടികളെ ഇഞ്ചക്ഷൻ വയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ഇതോടെ തങ്ങളുടെ അവസരം നഷ്ടമാകുമെന്ന ഭയന്ന വിദ്യാർത്ഥിനികൾ മത്സരശേഷം ഇഞ്ചക്ഷൻ ചെയ്യാമെന്ന് പറഞ്ഞ് വേദിയിലെത്തി. തുടർന്ന് വേദന കടിച്ചമർത്തി മത്സരിച്ച് ഒന്നാം സ്ഥാനം നേടി. കെ.അക്ഷയ, പുഷ്പലത, പ്രാർത്ഥന, ജുവൽ, ദേവിക എന്നിവരാണ് മറ്റു മത്സരാർത്ഥികൾ.