anne
ആൻമരിയ അജിൻ

കോട്ടക്കൽ: ആലപ്പുഴയിൽ നടന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തിൽ പ്രസംഗ മത്സരത്തിന് ഒന്നാംസ്ഥാനം നേടി ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും ആൻമരിയയെ വീണ്ടും പ്രസംഗം തുണച്ചു. ആധുനിക മാദ്ധ്യമ സംസ്‌ക്കാരം വേദിയിൽ പറഞ്ഞാണ് ഹയർസെക്കൻഡറി വിഭാഗം മലയാളം പ്രസംഗ മത്സരത്തിൽ ആൻമരിയ അജിൻ ഒന്നാംസ്ഥാനം നേടിയത്. എസ്.വി.എച്ച്.എസ്.എസ് പാലേമാട് സ്‌കൂളിലെ പ്ലസ് വൺ വിദ്യാത്ഥിനിയാണ്. സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്ന മാദ്ധ്യമങ്ങൾ ശബ്ദമില്ലാത്തവരുടെ ശബ്ദമാണെന്ന് ആൻമരിയ പറയുന്നു. ഈ വർഷം പുറത്തിറങ്ങിയ മാന്യസദസ്സിന് വന്ദനം എന്ന ലേഖനങ്ങളടങ്ങിയ പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്. മലയാള പ്രസംഗ മത്സരത്തിൽ മൂന്നാംതവണയാണ് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
തൃശൂർ ദിശാ എക്സ്‌പോയിൽ കേരളത്തിലെ 20 പേർക്ക് സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാൻ അവസരം ലഭിച്ചപ്പോൾ അതിലൊന്ന് ആൻമരിയ ആയിരുന്നു. അദ്ധ്യാപക ദമ്പതികളായ അജിന്റെയും നയനയുടെയും മകളാണ്.